യുഎഇ - യിൽ കോവിഡ് വ്യാപനം കുറഞ്ഞു; ആരോഗ്യമേഖലയും പൂർവസ്ഥിതിയിലേക്ക്

by Dubai | 03-07-2020 | 1523 views

യുഎഇ-യിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ ആരോഗ്യമേഖലയും പൂർവസ്ഥിതിയിലേക്ക്. കോവിഡ് രോഗികൾ കുറഞ്ഞതോടെ കോവിഡ് സ്പെഷ്യൽ ആശുപത്രികളിലേക്ക് മറ്റു രോഗികൾക്കും പ്രവേശനം അനുവദിച്ചു തുടങ്ങി. അതേസമയം, ആശുപത്രികളിൽ കോവിഡ് മുൻകരുതലുകൾ തുടരണമെന്നാണ് നിർദേശം.

യുഎഇ-യിൽ കോവിഡ് വ്യാപനം കുറയുന്നതായാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം തുടങ്ങിയ സാഹചര്യത്തിൽ പല ആശുപത്രികളും കോവിഡ് രോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, രോഗവ്യാപനം കുറഞ്ഞതോടെ ആരോഗ്യമേഖലയും പൂർവസ്ഥിതിയിലേക്ക് മാറുകയാണ്. അബുദാബി അൽ ദഫ്റയിലെ ആശുപത്രികളിൽ കോവിഡ് രോഗികളില്ലെന്ന് അബുദാബി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. ആഡ്നെക് ഫീൽഡ് ഹോസ്പിറ്റൽ, ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി, മെഡിക്ളിനിക് ആശുപത്രികൾ, തവാം ആശുപത്രി എന്നിവിടങ്ങളിലും നിലവിൽ കോവിഡ് രോഗികളില്ല. കോവിഡ് ഭീതി കുറഞ്ഞെങ്കിലും മുൻകരുതലുകൾ ഉറപ്പാക്കിയാണ് ആശുപത്രികളുടെ പ്രവർത്തനം. പി.പി ഇ കിറ്റും ഫേസ് മാസ്കും, ഗ്ളൌസുമൊക്കെ ധരിച്ചാണ് രോഗികളെ ചികിൽസിക്കുന്നത്.

ആശുപത്രികളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതടക്കം എല്ലാവിധ മുൻകരുതലുകളും സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പരിശോധനകളും അധികൃതർ നടത്തുന്നുണ്ട്.

ഒമാനിൽ 1374 പേർക്ക്​ കൂടി കോവിഡ്

1374 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 43,929 ആയി. 3,843 പേർക്കാണ്​ പരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 535 പേർ പ്രവാസികളും 839 പേർ സ്വദേശികളുമാണ്​. 851 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 26,169 ആയി. അഞ്ച്​ പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 193 ആയി ഉയരുകയും ചെയ്​തു. 62 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 447 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 113 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

17,567 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 631 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​​​. ഇതോടെ മസ്​കത്തിലെ ആകെ രോഗികളുടെ എണ്ണം 28,478 ആയി. ഇതിൽ 18,038 പേർക്ക്​​ അസുഖം ഭേദമായിട്ടുണ്ട്​. മരണപ്പെട്ടതിൽ 127 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. വടക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 4332ആയും തെക്കൻ ബാത്തിനയിലേത്​ 3927 ആയും ഉയർന്നിട്ടുണ്ട്​. ദോഫാറിലെ മൊത്തം രോഗികളുടെ എണ്ണം ആയിരം പിന്നിടുകയും ചെയ്​തു.

Lets socialize : Share via Whatsapp