ഖഷഗ് ജി വധക്കേസ് പ്രതികളുടെ വിചാരണ ഇന്ന് തുടങ്ങും

by International | 03-07-2020 | 557 views

അങ്കാറ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സൗദി ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തിലെ പ്രതികളുടെ വിചാരണ ഇന്ന് തുര്‍ക്കി കോടതിയില്‍ ആരംഭിക്കും. ഇസ്താബൂള്‍ കോടതിയില്‍ പ്രാദേശിക സമയം രാവിലെ 10 മുതലാണ് കേസിലെ പ്രതികളായ 20 പേരുടെ വിചാരണ തുടങ്ങുക. സംഭവത്തില്‍ 20 സൗദി പൗരന്‍മാര്‍ക്കെതിരേ തുര്‍ക്കി പ്രോസിക്യൂട്ടര്‍ കുറ്റം ചുമത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹായികളായിരുന്ന രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെയാണ് ഇതിലെ പ്രതികള്‍. സൗദി അറേബ്യയുടെ മുന്‍ ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹമ്മദ് അല്‍ അസീരി, ഖഷഗ്ജിയെ കൊലപ്പെടുത്താനായി ഒരു സംഘത്തെ നിയോഗിക്കുകയും കൊലപാതകം നടത്തുകയും ചെയ്‌തെന്നാണ് കുറ്റം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അഞ്ച് പേരെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ അന്താരാഷ്ട്ര തലത്തില്‍ വന്‍ ആരോപണമുയര്‍ന്ന കൊലപാതകമാണ് ഖഷഗ്ജി വധം. മുഹമ്മദ് ബിന്‍ സല്‍മാനാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്നായിരുന്നു സിഐഎ റിപോര്‍ട്ട്. സൗദി സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനമെഴുതിയതിനാലാണ് കൊലപാതകം നടത്തിയതെന്നും സിഐഎ വ്യക്തമാക്കിയിരുന്നു. സൗദി സര്‍ക്കാരിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നാണ് ഖഷഗ്ജി വധം ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ആരോപിച്ചിരുന്നു. 2018 ഒക്ടോബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷഗ്ജി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. വിവാഹ രേഖകള്‍ സംബന്ധിച്ച ആവശ്യത്തിനു എംബസിയിലെത്തിയ അദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. ഖഷഗ്ജി കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെങ്കിലും ആദ്യം ഇക്കാര്യം സൗദി നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിഷയം അന്താരാഷ്ട്ര തലത്തില്‍ വന്‍ ചര്‍ച്ചയ്ക്കിടയാക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കുറ്റസമ്മതം നടത്തിയ സൗദി, കഴിഞ്ഞ ഡിസംബറില്‍ അഞ്ച് പേരെ വധശിക്ഷയ്ക്കു വിധിച്ചതായും അറിയിച്ചിരുന്നു.

Lets socialize : Share via Whatsapp