
ദുബായ് : യു.എ.ഇ. യുടെ ചരിത്ര ശോഭയും പൈതൃക സമ്പത്തും അനാവരണം ചെയ്യുന്ന ഇത്തിഹാദ് (യൂണിയന്) മ്യുസിയം വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട കേന്ദ്രമായി മാറുകയാണ്. 1971-ല്‍ യു.എ.ഇ രൂപീകൃതമായത് മുതലുള്ള ചരിത്ര മുഹൂര്‍ത്തങ്ങളും അറബ് പാരമ്പര്യത്തിന്റെ പ്രതീകങ്ങളും ഗവേഷണ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ്.
26,000 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന ഇത്തിഹാദ് മ്യുസിയത്തിന്റെ ഉദ്ഘാടന നിര്‍വ്വഹണം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രാധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരും ഇതര എമിറേറ്റുകളുടെ ഭരണാധികാരികളും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
യു.എ.ഇ രൂപീകരണത്തിനായി ഏഴു എമിറെറ്റുകളിലെയും ഭരണാധികാരികള്‍ ചേര്‍ന്ന് കരാര്‍ ഒപ്പുവെച്ചതടക്കമുള്ള ചിത്രങ്ങള്‍ ഇവടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഏഴ് ഭരണാധികാരികള്‍ ഒപ്പുവെച്ച ഭരണഘടനയുടെ കൈയ്യെഴുത്ത് പത്രികയുടെയും അതിനുപയോഗിച്ച പേനയുടെയും മാതൃകയിലാണ് മ്യൂസിയത്തിന്റെ രൂപകല്‍പ്പന. സ്ഥാപന നേതാക്കളുടെ സ്വകാര്യ ശേഖര സാധനങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. രാഷ്ട്രപിതാവ് ഷേയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ഉപയോഗിച്ചിരുന്ന സണ്‍ഗ്ലാസ്, വാച്ച്,പോക്കറ്റ് വാച്ച്, ജപമാല (ദസ് വി), ചൂരല്‍ തുടങ്ങിയവയും ഇവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
വിശാലമായ ഹാളുകള്‍, തിയേറ്റര്‍, പഠന-ഉല്ലാസ കേന്ദ്രങ്ങള്‍, ഭരണ നിര്‍വ്വഹണ കാര്യാലയങ്ങള്‍, പാര്‍ക്കിംഗ് മേഖലകള്‍ എന്നിവയാലും ഇവിടം സജ്ജമായിരിക്കുകയാണ്. എട്ട് സ്ഥിരം ഗാലറികളും ഒരു താത്കാലിക ഗാലറിയും മ്യൂസിയത്തിന് മോടി കൂട്ടുകയാണ്. സായിദ് മ്യുസിയം മാനേജ്മെന്റ് ടീമിന്റെ സഹായത്തോടെയാണ് ഇവ പരിപാലിക്കുന്നത്.