യു.എ.ഇ -യിലേക്ക്​ തിരിച്ചവരാൻ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ വേണം

by General | 29-06-2020 | 856 views

ദുബൈ: യു.എ.ഇ-യിലേക്ക്​ തിരിച്ചുവരുന്ന പ്രവാസികൾ കോവിഡ്​ നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കണ​മെന്ന്​ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. യാത്രയ്ക്ക്​ 72 മണിക്കൂറിനുള്ളിൽ അംഗീകൃത ലബോറട്ടറികളിൽ നടത്തിയ പരിശോധനയുടെ ഫലമാണ്​ വേണ്ടത്​.

അംഗീകൃത ലബോറട്ടറികൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന്​ വരുന്നവർ​ യു.എ.ഇ-യിൽ എത്തിയ ശേഷം പരിശോധന നടത്തിയാൽ മതി. 
17 രാജ്യങ്ങളിലെ 106 നഗരങ്ങളിലെ അംഗീകൃത ലബോറട്ടറികളെയാണ്​ ആദ്യ ഘട്ടത്തിൽ ഉൾപെടുത്തിയിരിക്കുന്നത്​. അടുത്ത ഘട്ടത്തിൽ ഉടൻ കൂടുതൽ ലബോറട്ടറികളെ ഉൾപെടുത്തുമെന്നും www.smartservices.ica.gov.ae വെബ്​സൈറ്റിലൂടെ ല​ബോറട്ടറികളുടെ പട്ടിക ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, യുഎഇ-യ്ക്ക് ആശ്വസമായി കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 437 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 577 പേര്‍ക്ക് കൂടി രോഗം ഭേദമായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 58,000 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇന്ന് യുഎഇ-യില്‍ കൊവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 313 ആയി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 47,797 ആയി. 36,411 പേര്‍ ഇതുവരെ രോഗമുക്തരായി.

എന്നാല്‍, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10,174,205 കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,02,855 കവിഞ്ഞു. ഇതുവരെ 5,510,586 പേരാണ് രോഗമുക്തി നേടിയത്. അമേരിക്കയില്‍ 39,000-ല്‍ അധികം പേര്‍ക്കും ബ്രസീലില്‍ 28,000-ൽ അധികം ആളുകള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. റഷ്യയിലും ദക്ഷിണാഫ്രിക്കയിലും 6,000-ത്തില്‍ അധികം പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കയിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ പേരിലേക്ക് വ്യാപിച്ചത്. ഇതുവരെ 2,615,703 പേര്‍ക്ക് ഇവിടെ രോഗം പിടിപെട്ടു. ഏറ്റവും കൂടുതല്‍ മരണവും അമേരിക്കയിലാണ് (128,237). ബ്രസീലില്‍ 1,319,274 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മരിച്ചത് 57,149 പേര്‍.  

രോഗവ്യാപനത്തില്‍ അമേരിക്കയ്‌ക്കും ബ്രസീലിനും റഷ്യയ്ക്കും പിന്നില്‍ നാലാമതാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിലെ ഔദ്യോഗിക കണക്ക് പുറത്തുവരുന്നതേയുള്ളൂ. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് 20,000-ത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനാണ് സാധ്യത. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,493-ഉം തമിഴ്‌നാട്ടില്‍ 3,940-ഉം ദില്ലിയില്‍ 2,889-ഉം പേരില്‍ രോഗം സ്ഥിരീകരിച്ചു എന്നത് വലിയ ആശങ്ക നല്‍കുന്നു.   

Lets socialize : Share via Whatsapp