ഇറാഖ് ഫുട്ബോള്‍ ഇതിഹാസം അഹ്മദ് റാദി കൊവിഡ് ബാധിച്ച്‌ മരിച്ചു

by Sports | 21-06-2020 | 1713 views

ഇറാഖ് ഫുട്ബോള്‍ ഇതിഹാസം അഹ്മദ് റാദി (56) കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇറാഖിനു വേണ്ടി ലോകകപ്പില്‍ ഗോള്‍ നേടിയ ഒരേയൊരു താരമാണ് അഹ്മദ് റാദി. താരത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജോര്‍ദാനിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് റാദിയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. തുടര്‍ന്ന് ജൂണ്‍ 13ന് ബാഗ്ദാദിലെ അല്‍ നുഅമാന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടക്ക് ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജോര്‍ദാനിലേക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കവേ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ലൈവ് വീഡിയോയിലൂടെ റാദി ആരാധകരുമായി സംവദിച്ചിരുന്നു.

ഇടക്ക് ജോര്‍ദാനിലേക്ക് താമസം മാറിയ റാദി 2007ല്‍ ഇറാഖിലേക്ക് തന്നെ തിരികെ എത്തിയിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി.

1986-ലെ മെക്സിക്കോ ലോകകപ്പിലായിരുന്നു റാദിയുടെ ചരിത്ര ഗോള്‍ നേട്ടം. ബെല്‍ജിയമായിരുന്നു എതിരാളികള്‍. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ഇറാഖ് ആ ഗോള്‍ ചരിത്രത്തില്‍ എഴുതിവച്ചു. 1984, 1988 വര്‍ഷങ്ങളില്‍ ഇറാഖ് ഗള്‍ഫ് ചാമ്പ്യന്‍മാരായപ്പോള്‍ ടീമില്‍ പകരം വെയ്ക്കാനാവാത്ത താരമായി നിറഞ്ഞു നിന്ന റാദി 88ല്‍ ഏഷ്യന്‍ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടി. ദേശീയ ജഴ്സിയില്‍ 121 മത്സരങ്ങളില്‍ നിന്നായി 62 ഗോളുകളും വിവിധ ക്ലബുകളില്‍ 338 മത്സരങ്ങളില്‍ നിന്നായി 211 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Lets socialize : Share via Whatsapp