എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

by Sports | 06-06-2020 | 1740 views

ദോഹ: ദൂരക്കാഴ്ചയില്‍ മരുഭൂമിയിലെ വജ്രം പോലെ തോന്നിക്കുന്ന ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. മത്സര സ്റ്റേഡിയങ്ങളുടെ നിര്‍മാണച്ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആണ് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയായ വിവരം അറിയിച്ചത്. ഖത്തര്‍ ഫൗണ്ടേഷനു കീഴില്‍ എജ്യുക്കേഷന്‍ സിറ്റിയില്‍ ഉണ്ടായിരുന്ന ഫുട്ബോള്‍ സ്റ്റേഡിയം പൂര്‍ണമായി പൊളിച്ചു നീക്കിയാണ് ഫിഫ ലോകകപ്പ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.

മോഡേണ്‍ ആര്‍ക്കിടെക്ചറും ഇസ്‌ലാമിക വാസ്തുവിദ്യയും സമന്വയിപ്പിച്ചാണ് ഈ സ്റ്റേഡിയം രൂപകല്‍പന ചെയ്തത്. പാരമ്പര്യം കാത്തുസൂക്ഷിച്ച്‌, ഖത്തറിനെ വിജ്ഞാനാധിഷ്ഠിതമായ സമൂഹമാക്കി പരിവര്‍ത്തിപ്പിക്കുക എന്ന ഖത്തര്‍ ഫൗണ്ടേഷന്റെ ലക്ഷ്യം കൂടിയാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പനയില്‍ പ്രതിഫലിക്കുന്നത്.

ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക. 40,000 പേര്‍ക്ക് ഇരുന്ന് കളികാണാം. ലോകകപ്പിനു ശേഷം സീറ്റുകള്‍ 25,000 ആക്കി കുറയ്ക്കും. 15,000 സീറ്റുകള്‍ കായിക മേഖലയില്‍ മികവ് കാട്ടുന്ന ദരിദ്ര രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്യാനാണ് തീരുമാനം. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരവേദികളായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, ഖത്തറിന്റെ തെക്കേയറ്റമായ അല്‍ വക്രയിലെ അല്‍ ജനൂബ് സ്റ്റേഡിയം, അല്‍ ഖോറിലെ അല്‍ ബയ്ത് സ്റ്റേഡിയം എന്നിവയുടെ നിര്‍മാണവും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

Lets socialize : Share via Whatsapp