കൊവിഡ്: ഒമാനില്‍ എട്ട് മരണം; കുവൈത്തില്‍ 710 പേർക്ക്​ കൂടി കൊവിഡ്; 143 ഇന്ത്യക്കാർ

by General | 04-06-2020 | 753 views

ഒമാനിൽ കൊവിഡ് ബാധിച്ച് എട്ട് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 67 ആയി. ഇതിൽ മൂന്ന് പേർ മലയാളികളാണ്. ഒമാനിൽ 738 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 13,538 ആയി.

ഗള്‍ഫിൽ രണ്ടു മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട് പന്നേൻപാറ സ്വദേശി ഷിജിത്ത് കല്ലാളത്തിൽ, മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ഷരീഫ് എന്നിവരാണ് മരിച്ചത്. ഗള്‍ഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികള്‍ 168 ആയി.

ഇന്നുമുതൽ ദുബായിലെ മാളുകളും സ്വകാര്യമേഖലയിലെ ബിസിനസുകളും 100 ശതമാനം പ്രവർത്തനം ആരംഭിച്ചു. ജീവനക്കാരും ജനങ്ങളും മാസ്ക്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. രോഗങ്ങൾ ഉള്ളവരും പ്രതിരോധ ശക്തി കുറഞ്ഞവരുമായ ജീവനക്കാർ നേരിട്ട് ജോലിക്ക് ഹാജരാകേണ്ടതില്ല. ദുബായിൽ രാവിലെ ആറു മുതൽ രാത്രി 11 വരെയാണ് ജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള അനുവാദം.

കുവൈത്തിൽ 143 ഇന്ത്യക്കാർ ഉൾപ്പെടെ 710 പേർക്ക് ​കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 1,469 പേർ പുതുതായി രോഗമുക്തരായത് കുവൈത്തിന് ആശ്വാസം പകരുന്ന വാർത്തയാണ്. അതിനിടെ നാല് പേർ കൂടി രോഗം ബാധിച്ച് മരിച്ചു.

കുവൈത്തിൽ രോഗമുക്തരായവരുടെ ആകെ എണ്ണം കൊവിഡ് ബാധിച്ചവരേക്കാൾ അമ്പത് ശതമാനത്തിന് മുകളിലെത്തി. ഇത് കുവൈത്തിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. പുതുതായി 710 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ രോഗം ഭേദമായത് 1,469 പേർക്കാണ്. കുവൈത്തിൽ ഇതുവരെ 29,359 പേർക്ക് ​കൊവിഡ്​ സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയവർ 15,750 പേരാണ്. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ്​ മരണം 230 ആയി വർധിച്ചു. നിലവിൽ 13,379 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ 191 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കുവൈത്തിൽ നിന്ന്​ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് വിവിധ സംഘടനകൾ ചാർട്ടേഡ്​ വിമാന സർവീസ് ​ഏർപ്പെടുത്തുന്നു. കല കുവൈത്തിൻറെ ആദ്യഘട്ട രജിസ്‌ട്രേഷന്‍ അവസാനിച്ചു. കുവൈത്ത് കെഎംസിസി ചാർട്ടേഡ് വിമാനത്തിൽ പോകാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം പതിനായിരത്തോളമായതായി സംഘാടകർ പറഞ്ഞു. എന്നാൽ മുൻകൂറായി ടിക്കറ്റിന്‍റെ പണം വാങ്ങാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് സംഘടനകൾ അറിയിച്ചു.

Lets socialize : Share via Whatsapp