
ദുബൈ: അബുദാബിയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഉപദേശവും സാന്ത്വനവുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ വീടകങ്ങളിലിരുന്ന് ഹീറോ ആകാനാണ് താരത്തിന്റെ ഉപദേശം. അബൂദബി മീഡിയ ഓഫിസാണ് സൽമാന്റെ വീഡിയോ സന്ദേശം ട്വീറ്റ് ചെയ്തത്. ‘എനിക്കേറെ ഇഷ്ടപ്പെട്ട മനോഹരമായ നഗരമാണ് അബുദാബി. നിരവധി തവണ അബുദാബിയിൽ തങ്ങാൻ അവസരം ലഭിച്ചിട്ടുണ്ട്. എല്ലാവർക്കും കരുതലൊരുക്കുന്ന ജനങ്ങളാണ് അവിടെയുള്ളത്. ഈ സമയവും അവർ നിങ്ങളെ കൈയൊഴിയില്ല. ദുരിതഘട്ടത്തിലും അവർ നിങ്ങളോടൊപ്പമുണ്ടാകും.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. മുൻകരുതൽ നിർദേശങ്ങൾ പാലിക്കണം. നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ കൂടി മുൻനിർത്തി പ്രതിരോധ നടപടികൾ കൈക്കൊള്ളണം. ഇത് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കേണ്ട സമയമല്ല. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ സമയം വൈകാതെ പരിശോധിക്കണം. അബുദാബിയിൽ മികച്ച പരിശോധനയും ചികിത്സയുമാണ് ലഭിക്കുന്നത്. പോസിറ്റിവാണെന്നറിഞ്ഞാൽ കൂടുതൽ മുൻകരുതലെടുക്കണം. അതുവഴി കോവിഡ് വ്യാപനം തടയാൻ കഴിയും. ഹീറോകൾ ചെയ്യുന്നത് പോലെ ശരിയായ കാര്യം ചെയ്യൂ എന്നും സൽമാൻ വീഡിയോ സന്ദേശത്തിൽ ഉപദേശിക്കുന്നു.
അതേസമയം, കോവിഡ്19 പ്രതിരോധ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണ് രാജ്യം നല്‍കുന്നത്. തുടര്‍ച്ചയായി നിയമം ലംഘിക്കുന്നവര്‍ക്ക് 6 മാസത്തെ ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹം പിഴയും നല്‍കേണ്ടി വരും.
കൊറോണ വൈറസ്ബാധ സംശയിക്കുന്നവര്‍/ കൊറോണ രോഗികള്‍ എന്നിവര്‍ ഹോം ക്വാറന്റീന് ലംഘിച്ചാല്‍ 50,000 ദിര്‍ഹമാണ് പിഴ. കോവിഡ് 19 പരിശോധന കഴിഞ്ഞവരുടെ രോഗവിവരങ്ങള്‍ നിരീക്ഷിക്കാനുള്ള അല്‍ ഹോസന്‍ യുഎഇ അടക്കമുള്ള ആപ്പ് ഇന്സ്റ്റാള്ചെയ്യാതിരുന്നാലും പിഴയുണ്ട്. കൊറോണ സ്ഥിരീകരിച്ചവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടോ എന്നറിയുന്നതിനായി അവര്‍ക്കേര്‍പ്പെടുത്തിയ ഇലക്ട്രോണിക് ബ്രേസ്ലെറ്റ് മനഃപൂര്‍വ്വം കേടു വരുത്തിയാലും പിഴ നല്‍കണം. 10,000 ദിര്‍ഹമാണ് മേല്പറഞ്ഞ രണ്ടു കുറ്റങ്ങള്‍ക്കുമുള്ള പിഴ. കൊവിഡ് രോഗികളുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയാല്‍ 2000 ദിര്‍ഹമാണ് പിഴ.
മുന്നറിയിപ്പ് അവഗണിച്ച് കുടുംബയോഗങ്ങളും മറ്റും സംഘടിപ്പിച്ചാല്‍ 10,000 ദിര്‍ഹവും, സ്വകാര്യ ക്ലാസ്സുകള്‍ സംഘടിപ്പിച്ചാല്‍, അത് സൗജന്യമാണെങ്കില് കൂടി കുറ്റകരമാണ്. 20,000 ദിര്‍ഹമാണ് ഇതിനുള്ള പിഴ. കൊറോണ പരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ 5,000 ഉം, യാത്രാനുമതി ലംഘിച്ച് പുറത്തിറങ്ങുന്നതിന് 3,000 ദിര്‍ഹവും പിഴ ചുമത്തും. തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കാത്തതിന് 20,000 ദിര്‍ഹമാണ് പിഴ.