ഷാര്‍ജയിലെ ഒരു റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപ്പിടിത്തം

by Sharjah | 06-05-2020 | 1681 views

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ ചൊവ്വാഴ്ച രാത്രി വന്‍ തീപ്പിടിത്തം ഉണ്ടായി. അബ്‌കോ ടവര്‍ എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. എന്നാല്‍, ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഫ്ലാറ്റുകളിലടക്കം നിരവധി പേര്‍ താമസിക്കുന്ന കെട്ടിടമാണിത്. കൊറോണ ലോക്ക്ഡൗണ്‍ കാരണം കൂടുതല്‍ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപ്പിടിത്തമുണ്ടായത്. നിരവധി പേര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

മിന ഫയര്‍ സ്‌റ്റേഷനില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം സമീപ കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. 

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഗ്യാസ് ലൈനിലുണ്ടായ തീപ്പിടിത്തമാണ് അപകട കാരണമെന്ന് സംശയിക്കുന്നു. പാര്‍ക്കിങ് ഉള്‍പ്പെടെ 47 നിലകളാണ് അല്‍ നഹ്ദയിലെ കെട്ടിടത്തിനുള്ളത്. നിരവധി ആംബുലന്‍സുകളും വാഹനങ്ങളും കെട്ടിടത്തിനു സമീപം നിലയുറപ്പിച്ചിട്ടുണ്ട്.                                                     

Lets socialize : Share via Whatsapp