ഗള്‍ഫില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളെ ആദ്യം കൊണ്ടുവരും; കരട് രൂപരേഖ തയ്യാറാക്കി കേന്ദ്രം

by General | 29-04-2020 | 629 views

ന്യൂഡല്‍ഹി:  വിദേശ രാജ്യത്ത് നിന്ന് തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണാ പട്ടികയുടെ കരട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. ഇതനുസരിച്ച് ഗള്‍ഫ് മേഖലയിലുള്ള പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെയായിരിക്കും ആദ്യം തിരിച്ചെത്തിക്കുക. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് രണ്ടാമത് പരിഗണന നല്‍കുന്നത്. ഏകദേശം 40,000-ത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്.

പ്രവാസികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില ക്രമീകരണങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. തിരികെ എത്തിക്കേണ്ടവരുടെ പട്ടിക വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളായിരിക്കും തയ്യാറാക്കുക. ഈ പട്ടിക തയ്യാറാക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിക്കും. ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഓരോ വ്യക്തിയെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷം ഇവരെ ഇവിടെ എത്തിച്ച ശേഷം ക്വാറന്റൈന്‍  ചെയ്യണോ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

Lets socialize : Share via Whatsapp