
ദോഹ: പടിവാതിൽക്കലെത്തിയ റമദാനെ കോവിഡ് 19 വിരുദ്ധ പോരാട്ടത്തിനായി സമർപ്പിക്കണമെന്നും ജനങ്ങളുടെ ജീവിത രീതിയിൽ അതിനനുസരിച്ച മുൻഗണനാക്രമം വേണമെന്നും ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവ് ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റമദാനിലടക്കം കുടുംബ സന്ദർശനങ്ങളും സംഗമങ്ങളും പൂർണമായും ഒഴിവാക്കണം. രാജ്യത്ത് രോഗം പടരുന്നതിൽ ഖത്തരികൾക്കിടയിലുള്ള കുടുംബ സന്ദർശനമാണ് പ്രധാന പങ്ക് വഹിച്ചത്. രോഗം ബാധിച്ചവർക്കിടയിലുള്ള കുടുംബ സന്ദർശനത്തിലൂടെയാണ് രോഗം പടരുന്നത്.
ആളുകൾ ഒത്തുകൂടുന്നതും കുടുംബങ്ങളുടെ പരസ്പര സന്ദർശനവും എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കണം. എല്ലാവരും അവരവരുടെ വീടുകളിൽ സുരക്ഷിതമായി ഇരിക്കണമെന്നും അവർ അറിയിച്ചു. കോവിഡ്–19നെതിരായ പോരാട്ടത്തിനായിരിക്കണം റമദാൻ മാസത്തിൽ മുൻഗണന നൽകേണ്ടത്.
ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾക്കും കഴിവുകൾക്കും മേൽ ഉന്നതനായ ദൈവത്തിന്റെ കഴിവുകളും അഭിലാഷങ്ങളുമാണ് വിജയിക്കുന്നതെന്ന ഓർമ്മപ്പെടുത്തലാണ് ഈ കോവിഡ് കാലം. കഴിയുന്നതും സാമൂഹിക അകലം പാലിച്ച്, എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായി ജീവിക്കണം. മറ്റുള്ളവർക്ക് വേണ്ടി നമുക്കും നമ്മുടെ ജനതക്കും നമ്മുടെ രാജ്യത്തിനും നമ്മളാൽ എന്ത് സമർപ്പിക്കാൻ കഴിയുമെന്നതിലായിരിക്കണം ശ്രദ്ധ. ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ മുൻഗണനകളെല്ലാം നാം ജനനന്മക്കായി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് കോവിഡ്–19 രോഗബാധ പാരമ്യത്തിലെത്തി നിൽക്കെ സുരക്ഷാ വകുപ്പിന്റെ പരിശോധനയും പട്രോളിംഗും കർശനമായി തുടരും. നിയമലംഘകർക്കെതിരെ കടുത്ത നിയമ നടപടികൾ സ്വീകരിക്കും. പൊതു സ്ഥലങ്ങളിൽ ഒത്തുചേരുന്നത് തീർത്തും ഒഴിവാക്കണം. ഭക്ഷ്യസ്ഥാപനങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കണം. വാണിജ്യ കേന്ദ്രങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കണം. ജനങ്ങളുടെ സഹകരണത്തെ അൽ ഖാതിർ പ്രശംസിച്ചു. കോവിഡ്–19 പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ അനിവാര്യമായും തുടരേണ്ടതുണ്ട്. പുണ്യ റമദാൻ ആഗതമായിരിക്കെ വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. എപ്പോഴും മാസ്ക് ധരിക്കണം. ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
റെസ്റ്റോറന്റുകളിലും കഫേകളിലും ഇനി ഹോം ഡെലിവറി മാത്രം
കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ റെസ്റ്റോറന്റുകളിലും കഫേകളിലും പുതിയ നിയന്ത്രണവുമായി വാണിജ്യ വ്യവസായ മന്ത്രാലയം. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഷോപ്പുകളിൽ നിന്ന് നേരിട്ടെത്തി ഭക്ഷണം പാഴ്സൽ വാങ്ങുന്നതാണ് മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. കഫേകളും റെസ്റ്റോറന്റുകളും ഇനി മുതൽ ഹോം ഡെലിവറി സേവനങ്ങൾ മാത്രമേ നടത്താവൂ. കോവിഡ്–19 രോഗവ്യാപനം തടയുന്നതും താമസക്കാരുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് മന്ത്രാലയം പുതിയ നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾ നേരിട്ടെത്തി പാർസൽ വാങ്ങാൻ പാടില്ല. സ്ഥാപനങ്ങൾക്കകത്തോ പുറത്തോ ആളുകൾ കൂടി നിൽക്കുന്നത് തടയണം.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്പോർട്സ് ക്ലബുകളിലും ലുസൈൽ സിറ്റി, പേൾ ഖത്തർ തുടങ്ങിയ സ് ഥലങ്ങളിലുള്ള റസ്റ്റോറന്റ് കിയോസ്കുകൾക്ക് പുതിയ നിയന്ത്രണം ബാധകമല്ല. റസ്റ്റോറന്റുകളിലെയും കഫേകളിലെയും ജീവനക്കാർ നിർബന്ധമായും ആരോഗ്യ, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. തീരുമാനം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളും. നേരത്തേ തന്നെ റസ്റ്റോറന്റുകളിലും ചെറിയ കടകളിലും അകത്തേക്ക് ആളുകളെ കയറ്റുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ കടകൾക്ക് പുറത്തുനിന്ന് ആളുകൾ ചായ കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതും കാണാം. ഇത് ആൾക്കൂട്ടമുണ്ടാവാൻ ഇടയാക്കുന്നുണ്ട്. ഇതിനാലാണ് ഇനി മുതൽ വീടുകളിലേക്ക് ഭക്ഷണം എത്തിച്ചുകൊടുക്കൽ മാത്രമേ അനുവദിക്കൂ എന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചത്.