സൗദി സര്‍ക്കാരിന്റെ നടപടികളെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ അംബാസിഡര്‍

by International | 15-04-2020 | 490 views

ജിദ്ദ: കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിലും രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിലും സൗദി അറേബ്യന്‍ ഭരണകൂടം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് സൗദി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സയ്ദ് പറഞ്ഞു. ലോകത്ത് ഇതുവരെ 2 മില്ല്യന്‍ ജനങ്ങള്‍ക്ക് കൊവിഡ് 19 വൈറസ് ബാധ ഏറ്റിരിക്കുന്നു. അഞ്ച് ലക്ഷത്തില്‍ അധികം പേര്‍ രോഗ മുക്തരായി. 1,30,000 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 73 പേര്‍ മരണപ്പെട്ട സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ട് പേരും കേരളത്തില്‍ നിന്നുള്ളവരാണ്.

ഇന്ത്യന്‍ എംബസിയിലും കോണ്‌സുലേറ്റിലും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കോള്‍ സെന്ററുകള്‍ കൂടുതല്‍ ഇന്ത്യന്‍ ഭാഷകള്‍ അറിയാവുന്നവരെ ഉപയോഗപ്പെടുത്തി കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ മീഡിയ പ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.

കൊവിഡ് ചികില്‍ത്സ പ്രവാസികള്‍ക്ക് സൗദി സര്‍ക്കാര്‍ പൂര്‍ണമായും സൗജന്യമാക്കിയിട്ടുണ്ട്. അതോടൊപ്പം ഇഖാമ ഫീയിലും ലെവിയിലും ഇളവ് നല്‍കി. സൗജന്യ ഭക്ഷണ വിതരണവും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസി ഭക്ഷണ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കാറ്ററിംഗ് കമ്പനികളുമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നു. ആവശ്യമെങ്കില്‍ ഇന്ത്യക്കാരെ ക്വാറന്‍റയിന്‍ ചെയ്യാനായി ഹോട്ടലുകള്‍ വിവിധ നഗരങ്ങളില്‍ കണ്ടെത്തുന്നുണ്ട്. ഇതിനു വേണ്ടി 'ഒയോ' കമ്പനിയെ സമീപിച്ചിട്ടുണ്ട്.

രോഗികളുടെ യാത്രയ്ക്കും ചികില്‍ത്സയ്ക്കുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴിലുള്ള ആംബുലന്‍സുകളും മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ചില ലേബര്‍ ക്യാംപുകളില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നുണ്ട്. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളുടേയും ഡോക്ടര്‍മാരുടെയും സേവനം ഉപയോഗപ്പെടുത്തും.

എന്നാല്‍ ഇന്ത്യയില്‍ നിന്നും മെഡിക്കല്‍ സംഘം സൗദിയില്‍ എത്തുമോ എന്ന ചോദ്യത്തിന് സൗദി സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അംബാസിഡര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഓരോ ദിവസത്തെയും മാറ്റങ്ങള്‍ വിലയിരുത്തുന്നുണ്ട്.

ഇന്ത്യന്‍ പ്രവാസി സംഘടനകളുമായും കച്ചവട രംഗത്തുള്ളവരുമായും ചര്‍ച്ചകള്‍ നടത്തുണ്ട്. എല്ലാ വിഭാഗങ്ങളേയും ഏകോപിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് എംബസി നടത്തുന്നത്. എന്നാല്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സൗദി ഭരണകൂടത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

കര്‍ഫ്യൂ ഇളവ് ലഭിക്കുന്ന പാസുകള്‍ എംബസിക്കോ കോണ്‍സുലേറ്റിനോ അനുവദിക്കാന്‍ അധികാരമില്ല. അതിന്റെ പൂര്‍ണ അധികാരം സൗദിയിലെ വിവിധ മന്ത്രാലയങ്ങള്‍ക്കാണ്.

ഇന്ത്യന്‍ സര്‍ക്കാരും സുപ്രീം കോടതിയും ഇപ്പോള്‍ വിദേശത്ത് ഉള്ളവരോട് അവിടെ തുടരാനാണ് നിര്‍ദ്ദേശിച്ചത്. അതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര ഉടനെ നടക്കില്ല.

സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ സ്‌കൂളുകളില്‍ 45,000-ത്തിന് മുകളില്‍ കുട്ടികള്‍ പഠിക്കുന്നുണ്ട്. സാമ്പത്തികമായി ലാഭകരമായല്ല ഇപ്പോള്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കൊറോണ കാലത്തും ബില്‍ഡിങ് വാടകയും അധ്യാപകരുടെയും മറ്റ് ജോലിക്കാരുടെയും ശമ്പളം നല്‍കേണ്ടതുണ്ട്. അതിനാല്‍ ഫീയില്‍ ഇളവ് വരുത്താന്‍ സാധിക്കില്ല. ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലുള്ള പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ കാര്യം പരിഗണിക്കാന്‍ ശ്രമിക്കും. ഫീസ് സമയത്തിന് ലഭിക്കാതിരുന്നാല്‍ സ്‌കൂളിന്റെ ഭാവി അപകടത്തിലാവും. ഇപ്പോള്‍ നടക്കുന്ന വെര്‍ച്വല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൊറോണ ഭീതി ഒഴിയും വരെ തുടരേണ്ടി വരും.

Lets socialize : Share via Whatsapp