500 ഡോളറി​ന്‍റെ കൂപ്പണ്‍ സൗജന്യമായി നല്‍കുന്നുവെന്ന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ പേരില്‍ വ്യാജവാര്‍ത്ത

by Business | 15-04-2020 | 1035 views

ദുബൈ: കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്​ 500 ഡോളറി​ന്‍റെ കൂപ്പണ്‍ സൗജന്യമായി നല്‍കുന്നുവെന്ന് ഒരു വെബ്​സൈറ്റ്​ രൂപവത്​കരിച്ച്​ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. 

വാട്​സാപ്​ ഗ്രൂപ്പുകളിലൂടെയും ഫേസ്​ബുക്കിലൂടെയും ഇത്​ പ്രചരിക്കുന്നുണ്ട്​. ചെറിയ ചോദ്യാവലി പൂരിപ്പിച്ച ശേഷം 20 സുഹൃത്തുക്കള്‍ക്കോ അഞ്ച്​ വാട്​സാപ്​ ഗ്രൂപ്പുകളിലോ അയക്കാന്‍ ആവശ്യപ്പെടുകയാണ്​ ചെയ്യുന്നത്​. ഇതോ​ടെ ലുലുവിന്‍റെ ഏത്​ ഔട്ട്​ലെറ്റില്‍ നിന്നും 500 ഡോളറി​ന്‍റെ പര്‍ച്ചേസ്​ നടത്താമെന്നാണ്​ വാഗ്​ദാനം. ഓണ്‍ലൈന്‍ പര്‍ച്ചേസും നടത്താമെന്ന്​ പറയുന്നു.

എന്നാല്‍, ഇത്തരം അറിയിപ്പുകള്‍ വ്യാജമാണെന്നും സംഭവം​ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ലുലു ഗ്രൂപ്പ്​ ചീഫ്​ കമ്യൂണിക്കേഷന്‍ ഓഫീസര്‍ വി. നന്ദകുമാര്‍ അറിയിച്ചു. ഇത്തരം വഞ്ചനകളില്‍ കുടുങ്ങിപ്പോകരുതെന്നും ലുലു ഗ്രൂപ്പിന്‍റെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച അനൗണ്‍സ്​മെന്‍റുകള്‍ ഔദ്യോഗിക ​സോഷ്യല്‍ മീഡിയാ പേജുകളും വിശ്വസ്​ത പത്രമാധ്യമങ്ങളും വഴി മാത്രമേ പുറത്തുവിടുകയുള്ളൂ എന്നും അദ്ദേഹം വ്യക്​തമാക്കി.

Lets socialize : Share via Whatsapp