സൗദിയിൽ 4,000 കടന്ന് രോഗബാധിതർ, മരണ സംഖ്യ 52 -ഉം

by International | 11-04-2020 | 498 views

റിയാദ്: സൗദി അറേബ്യയിൽ നാലായിരം കടന്ന് രോഗബാധിതരുടെ എണ്ണം. ശനിയാഴ്ച പുതുതായി 382 പേരിൽ രോഗം സ്ഥിരീകരിച്ചു. അഞ്ച് മരണങ്ങളും പുതുതായി  റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 52 ആയി.

ജിദ്ദയിൽ മൂന്നും മക്കയിലും മദീനയിലും ഓരോന്നും വീതമാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആകെ  വൈറസ് ബാധിതരുടെ എണ്ണം 4,033 ആയി ഉയർന്നെന്നും ഇതിൽ 67 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.  മുഹമ്മദ് അബ്ദുൽ അൽഅലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

35 പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 720 ആയി. പുതിയ രോഗികളിൽ 131 പേർ മക്കയിലാണ്. തുടർച്ചയായി മക്കയിലാണ് ഏറ്റവും കൂടുതൽ രോഗികളുടെ റിപ്പോർട്ടിങ് നടക്കുന്നത്. മദീനയിൽ 95, റിയാദിൽ 76, ജിദ്ദയിൽ 50, ദമ്മാമിൽ 15, യാംബുവിൽ അഞ്ച്, സബ്ത് അൽഅലയ, ഹുഫൂഫ് എന്നിവിടങ്ങളിൽ മൂന്ന് വീതം, അൽഖോബാർ, ത്വാഇഫ്, മൈസാൻ, അൽഷംലി എന്നിവിടങ്ങളിൽ ഓരോന്നും പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.

വൈറസ് ബാധിതരുടെ എണ്ണം തലസ്ഥാനമായ റിയാദിൽ 1,106 ആയി. മരണസംഖ്യ നാല്. 291 പേർ സുഖം പ്രാപിച്ചു. 811 പേർ ചികിത്സയിൽ  കഴിയുന്നു. മക്കയിൽ രോഗികളുടെ എണ്ണം 852 ആണ്. മരണസംഖ്യ 11 ആയി. 115 പേർ സുഖം പ്രാപിച്ചു. 726 പേർ ചികിത്സയിൽ കഴിയുന്നു. മറ്റൊരു പ്രധാന നഗരമായ ജിദ്ദയിലാണ് പുതുതായി ഉയർന്ന മരണ സംഖ്യ റിപ്പോർട്ട് ചെയ്തത്.

മൂന്നുപേർ കൂടി ശനിയാഴ്ച മരിച്ചതോടെ ആകെ മരണ സംഖ്യ ഒമ്പതായി. 582 പേരിൽ രോഗം സ്ഥിരീകരിച്ചു. അതിൽ 432 പേർ ചികിത്സയിൽ കഴിയുന്നു. 140 പേർ സുഖം പ്രാപിച്ചു. മദീനയിൽ മരണസംഖ്യ 20 ആയി. 475 പേർ ചികിത്സയിൽ തുടരുന്നു. നാലുപേർ  സുഖം പ്രാപിച്ചു. ആകെ 593 രോഗബാധിതരാണ് ഇവിടെയുള്ളത്. ഖത്വീഫിൽ രോഗബാധിതരുടെ എണ്ണം 186-ൽ തുടരുകയാണ്. ഇവിടെ പുതുതായി കേസുകളൊന്നും  രജിസ്റ്റർ ചെയ്തിട്ടില്ല.

156 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 30 പേർ സുഖം പ്രാപിച്ചു. ഇവിടെ മരണവും സംഭവിച്ചിട്ടില്ല. ദമ്മാമിൽ രോഗികളുടെ എണ്ണം 180 ആണ്.  സുഖം പ്രാപിച്ചവർ 42-ഉം ചികിത്സയിൽ കഴിയുന്നവർ 137-ഉം മരിച്ചത് ഒരാളുമാണ്. തബൂക്കിൽ പുതിയ രോഗികളില്ല.   

Lets socialize : Share via Whatsapp