ഖത്തറിൽ ലോകകപ്പ്​ പ്രവൃത്തികൾ പുരോഗമിക്കുന്നു; തൊഴിലാളികൾക്ക്​ പൂർണ സുരക്ഷ

by Sports | 11-04-2020 | 2869 views

ദോഹ: കോവിഡ്–19ന്‍റെ പശ്​ചാത്തലത്തിൽ ലോകകപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പുരോഗമിക്കുന്നു. തൊഴിലാളികൾക്ക്​ തൊഴിലിടങ്ങളിലും താമസകേന്ദ്രങ്ങളിലും പൂർണ സുരക്ഷയൊരുക്കിയാണിതെന്നും പ്രാദേശിക സംഘാടകരായ സു​പ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്‍ഡ്​ ലെഗസി അറിയിച്ചിരുന്നു.

ഏത് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിന് സുപ്രീം കമ്മിറ്റിക്ക് കീഴിൽ എല്ലാ സൈറ്റുകളിലും തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്​. നിർമാണ സ്​ഥലങ്ങളിലും താമസകേന്ദ്രങ്ങളിലും കൃത്യമായ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്​.

ദിവസേന രണ്ട് നേരം തൊഴിലാളികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്​. സുപ്രീം കമ്മിറ്റി പദ്ധതി പ്രദേശങ്ങളിൽ മാസ്​കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നുണ്ട്​. മാസ്​കുകൾ ലഭ്യമാകാത്ത സമയങ്ങളിൽ സ്വന്തം സ്​കാർഫുകൾ മാസ്​കുകളായി ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്​.സൈറ്റുകളിൽ അനാവശ്യ സന്ദർശകരെ കർശനമായി വിലക്കിയിട്ടുണ്ട്​. സൈറ്റുകളിലും താമസ കേന്ദ്രങ്ങളിലും ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്​.

പൊതുജനാരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ച മാനദണ്ഡങ്ങൾ പ്രകാരം കർശന മുൻകരുതലുകളാണ് സൈറ്റുകളിലും താമസ സ്ഥലങ്ങളിലും നടപ്പാക്കിയിരിക്കുന്നതെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. മറ്റ്​ രോഗങ്ങളുള്ള 55 വയസ്സ് കഴിഞ്ഞ തൊഴിലാളികളെ തൊഴിൽ സ്​ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​. ഇവർക്ക് കോവിഡ്–19 വരാൻ സാധ്യതയേറെയന്നതിനാലാണ് നടപടിയെന്നും അധികൃതർ അറിയിച്ചു. സുപ്രീം കമ്മിറ്റി പ്രത്യേകം തയ്യാറാക്കിയ താമസസ്​ഥലത്തായിരിക്കും ഇവർ താമസിക്കുക. പ്രതിമാസം ശമ്പളം ഇവർക്ക് ലഭ്യമാക്കുന്നുണ്ട്​.  

ശാരീരിക പ്രയാസങ്ങൾ ഉണ്ടാകുന്ന തൊഴിലാളികളെ കണ്ടെത്തുന്നതിനും ആവശ്യമായ മുൻകരുതലെടുക്കുന്നതിനുമായി എല്ലാ സൈറ്റുകളിലും മറ്റു കേന്ദ്രങ്ങളിലും റിസ്​ക് അസസ്​മെന്‍റ് നടത്തിയിട്ടുണ്ട്. കോവിഡ്–19 വ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും ഇത് സുപ്രീം കമ്മിറ്റിയെ ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം പകർച്ചവ്യാധി ലോകത്തെ ഭീതിയിലാഴ്ത്തുമ്പോഴും 2022 നവംബർ–ഡിസംബർ മാസത്തിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മാമാങ്കം അത്​ഭുതകരമാകുമെന്ന്​ തനിക്ക്​ പൂർണ ആത്മവിശ്വാസമുണ്ടെന്ന്​ ഫിഫ പ്രസിഡന്‍റ് ജിയോനി ഇൻഫാന്‍റിനോ പറഞ്ഞു. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ എട്ട് സ്​റ്റേഡിയങ്ങളിലായാണ് ഖത്തർ ലോകകപ്പ് നടക്കുന്നത്. നിലവിലെ പരിതാപകരമായ സാഹചര്യത്തിലും 2022-ൽ ഏറ്റവും മികച്ച ഫുട്ബോൾ ലോകകപ്പായിരിക്കും ഖത്തർ മേഖലയ്ക്കും ലോകത്തിനുമായി സമ്മാനിക്കുക.

ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിക്ക് എഴുതിയ കത്തിലാണ്​ ഫിഫ പ്രസിഡന്‍റ്​ ഇക്കാര്യം വ്യക്തമാക്കിയത്​. കോവിഡ്–19നെതിരായ ആഗോള പോരാട്ടത്തിൽ ഖത്തർ ഫുട്ബോൾ അസോസിയേഷ​ന്‍റെ പങ്കാളിത്തമുണ്ടാകും.

ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഖത്തർ സജ്ജമാണെന്നും നിലവിൽ ഫുട്ബോൾ സമയക്രമത്തിലുണ്ടായിരിക്കുന്ന നേരിയ മാറ്റങ്ങൾ ഖത്തറിന്‍റെ തയ്യാറെടുപ്പുകളെ ഒരിക്കലും പിന്നോട്ടടിക്കുകയില്ലെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ ഖത്തറിൽ ഒരുമിച്ചിരുത്തി മാനുഷികതയുടെ ആഘോഷമാണ് ഖത്തർ ലക്ഷ്യമിടുന്നതെന്നും നേരത്തേ ഫിഫ പ്രസിഡന്‍റിനെഴുതിയ കത്തിൽ ഷെയ്ഖ് ഹമദ് വിശദീകരിച്ചിരുന്നു. ആഗോളതലത്തിൽ കോവിഡ്–19നെതിരായ പോരാട്ടത്തിൽ രാജ്യത്തെ ഫുട്ബോൾ സമൂഹം കൂടെയുണ്ടാകും.

വളരെ വേദനിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യം. അന്താരാഷ്​ട്ര ഫുട്ബോൾ സമൂഹത്തിനാവശ്യമായ മുഴുവൻ പിന്തുണയും സഹകരണവും പ്രഖ്യാപിക്കുകയാണെന്നും ഏത് മാർഗത്തിലൂടെയും ഈ പ്രതിസന്ധിയെ തകർക്കാൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം എഴുതി.

മുമ്പെങ്ങുമില്ലാത്ത വിധം ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും സഹകരണവും ഐക്യദാർഢ്യവും പരസ്​പര ബഹുമാനവും പരസ്​പരം മനസ്സിലാക്കലുമായിരിക്കണം നമ്മുടെ മനസ്സിലുണ്ടാകേണ്ടതെന്നും അന്താരാഷ്​ട്ര ഫുട്ബോൾ സമൂഹത്തിന്‍റെ മൂല്യങ്ങളും ഇത്​ ​പ്രകാരമാണെന്നും മറുപടിയിൽ ഫിഫ പ്രസിഡന്‍റ് വിശദീകരിച്ചു. ഈ സമയത്ത് സൗഹൃദവും ഐക്യവും മനുഷ്യത്വവുമാണ് ആവശ്യപ്പെടുന്നത്​.

ഇത്തരം വിഷമകരമായ സമയങ്ങളിൽ ജനങ്ങളുടെ ഐക്യബലം പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്നു. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങൾ ജനങ്ങൾക്ക് ഒരുമിക്കാനുള്ള അവസരമാണ്​. ലോകം ഈ സമയത്തെയും അതിജീവിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ക്യു. എഫ്. എ പ്രസിഡന്‍റ് കത്തിൽ പറഞ്ഞു. കോവിഡ്–19നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ക്യൂ. എഫ്. എ തുടക്കം മുതൽ തന്നെ രംഗത്തുണ്ട്​. പ്രാദേശിക ടൂർണമെന്‍റുകളും മറ്റു പരിപാടികളും മാറ്റിവെച്ചതടക്കം കടുത്ത നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഫിഫ പ്രസിഡന്‍റിനെ അദ്ദേഹം ധരിപ്പിച്ചു.

Lets socialize : Share via Whatsapp