
മനാമ: കൊറോണ വൈറസ് ബാധിച്ച് യുഎഇ-യില്‍ രണ്ടുപേര്‍ കൂടി മരിച്ചു. ഒരു ഏഷ്യന്‍ വംശജനും അറബ് പൗരനുമാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിത മരണം 14 ആയി. പുതുതായി 331 പേര്‍ക്ക് കൂടി എമിറേറ്റ്സില്‍ രോഗബാധ സ്ഥിരീകരിച്ചു. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ എമിറേറ്റ്സിലെ മൊത്തം രോഗബാധിതര്‍ 2,990 ആയി ഉയര്‍ന്നു. ഇതുവരെ 268 പേര് രോഗമുക്തി നേടി. വ്യാഴാഴ്ച മാത്രം 29 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബഹ്റൈനില്‍ 44 പ്രവാസികള്‍ക്ക് കൂടി കോവിഡ്
ബഹ്റൈനില്‍ 44 പ്രവാസി തൊഴിലാളികള്‍ ഉള്‍പ്പെടെ 64 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവര്‍ 882 ആയി. ഇതില്‍ 519 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ച് പേര് മരിച്ചു. 363 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 135 ആയി. ഇവരില്‍ ആറുപേര്‍ രോഗവിമുക്തി നേടി. ബഹ്റൈനില്‍ നടന്ന രോഗ പരിശോധന അരലക്ഷം കവിഞ്ഞു.
കുവൈത്തില്‍ 479 ഇന്ത്യക്കാര്‍ ചികിത്സയില്‍
കുവൈത്തില്‍ 37 ഇന്ത്യക്കാരുള്‍പ്പെടെ 55 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതര്‍ 910 ആയി. ഇവരില്‍ 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കുവൈത്തില്‍ ഇതുവരെ 479 ഇന്ത്യക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വിദേശികള്‍ക്കായി വിമാന സര്‍വീസ് നടത്തും
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കായി സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്കാന് കുവൈത്ത് മന്തിസഭ വ്യോമയാന വകുപ്പിന് നിര്‍ദേശം നല്കി. എല്ലാ വിമാന കമ്പനികള്‍ക്കും കുവൈത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി നല്‍കണമെന്നാണ് നിര്‍ദേശം. അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസ് വിലക്ക് തുടരും. പൂര്‍ണസമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കര്‍മപദ്ധതി തയാറാക്കാന്‍ പ്രത്യേക സമിതിയെ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.