ഒമാനിൽ കോവിഡ്​ ചികിത്സ എല്ലാവർക്കും സൗജന്യം

by International | 09-04-2020 | 436 views

മസ്​കത്ത്​: രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും കോവിഡ്​ രോഗ നിർണയവും ചികിത്സയും സൗജന്യമാണെന്ന്​ ആരോഗ്യ മന്ത്രി ഡോ.അഹമ്മദ്​ അൽ സഈദി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതമിന്‍റെ നിർദേശ പ്രകാരമാണിത്​. സ്വദേശി, വിദേശി ഭേദമില്ലാതെയാണ് രോഗികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാജ്യം കൈകാര്യം ചെയ്യുന്നത്​. ബന്ധപ്പെട്ട രാജ്യങ്ങളിലെ അംബാസഡർമാർ ഈ വിഷയം ഒമാനിലുള്ള തങ്ങളുടെ പൗരന്മാരിൽ എത്തിക്കണമെന്ന്​ ആരോഗ്യ മന്ത്രി അഭ്യർഥിച്ചു.

കോവിഡ്​ ഗുരുതരാവസ്​ഥയിൽ എത്തിയതിനെ തുടർന്ന്​ റോയൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവരിൽ നല്ല പങ്കും വിദേശികളാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 33 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ബാക്കിയുള്ളവർ ഐസോലേഷൻ കേന്ദ്രങ്ങളിലാണ്​ ഉള്ളതെന്നും ആരോഗ്യ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വ്യാഴാഴ്​ച വരെ രോഗബാധിതരായ 457 പേരിൽ 211 പേരും വിദേശികളാണ്​. മസ്​കത്ത്​, സീബ്​, ബോഷർ, മത്ര എന്നിവിടങ്ങളിലാണ്​ കൂടുതൽ രോഗബാധിതരും. രോഗത്തിന്‍റെ സാമൂഹിക വ്യാപനം ഏറ്റവും ഉയർന്ന തോതിലുള്ളത്​ മത്രയിലാണ്​. മത്ര മേഖലയിൽ ഇതുവരെ 160 വിദേശികളടക്കം 206 പേർക്ക്​ രോഗബാധയുണ്ടായി. വ്യാഴാഴ്​ച റിപ്പോർട്ട്​ ചെയ്​ത 38 കേസുകളിൽ 31 പേരും മത്രയിൽ നിന്നുള്ളവരാണ്​. മത്രയടക്കം രോഗബാധ കൂടുതലായുള്ള സ്​ഥലങ്ങളിൽ ശനിയാഴ്​ച മുതൽ രോഗനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പുകൾ നടക്കുന്ന സ്​ഥല​ത്തെ കുറിച്ച് അറിയിപ്പുകൾ വിവിധ ഭാഷകളിൽ പുറത്തിറക്കും. പരിശോധനയ്ക്ക്​ എത്തുന്നവരോട്​ തിരിച്ചറിയൽ രേഖകൾ ചോദിക്കില്ല. വിദേശികളിലെയടക്കം പരമാവധി പേരെ പരിശോധനക്ക്​ വിധേയമാക്കുകയാണ്​  ലക്ഷ്യം.

രോഗ ലക്ഷണങ്ങളില്ലാത്തവർക്കായുള്ള പരിശോധനകൾ ഒമാൻ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 
താമസ സ്​ഥലങ്ങളിൽ ഐസോലേഷന്​ സൗകര്യമില്ലാത്തവർക്ക്​ ആരോഗ്യ മന്ത്രാലയം വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നുണ്ട്​. കാർഗോ വിമാന സർവീസുകളെല്ലാം പതിവുപോലെ നടക്കുന്നുണ്ട്​. രാജ്യത്ത്​ മെഡിക്കൽ ഉപകരണങ്ങളുടെ സ്​റ്റോക്ക്​ ആവശ്യത്തിന്​ ഉണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Lets socialize : Share via Whatsapp