കോവിഡ് കാലത്തെ പ്രവാസിയുടെ ജീവിതത്ത പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?

by General | 09-04-2020 | 467 views

മൂക്ക് തുളയ്ക്കുന്ന പെർഫ്യൂമിന്റെ സുഗന്ധം, നല്ല വടി വൊത്ത നിലയിൽ അയൺ ചെയ്ത ബ്രാൻഡഡ് ഡ്രസ്സ്, ആകെ ഒന്ന് മിനുങ്ങിയ ശരീരം. നാട്ടിൽ ഓരോർത്തരുടെയും മനസ്സിൽ പതിഞ്ഞിട്ടുള്ള പ്രവാസിയുടെ രൂപമാണ്. ഒന്നും രണ്ടും വർഷം കൂടുമ്പോൾ ഒന്നോ ഒന്നരയോ മാസത്തിന് ലീവിൽ വരുമ്പോൾ ഒരോ പ്രവാസിയേയും അങ്ങനെയാണ് കാണാറ്. ഒന്നും രണ്ടും വർഷം കൂടുമ്പോൾ ഓരോ പ്രവാസിയും ജീവിക്കുന്ന വിരലിൽ എണ്ണാവുന്ന ദിവസങ്ങളാണത്. ആ ദിവസങ്ങളിൽ മാത്രമാണ് പ്രവാസി ജീവിക്കുന്നതും. ബാക്കിയുള്ള ദിവസങ്ങളിലെ പ്രവാസ ലോകത്തെ അവന്റെ ജീവിതം യാന്ത്രികമായിരിക്കും.

അഞ്ചും പത്തും ആളുകൾ താമസിക്കുന്ന ഒറ്റ റൂമിലെ ടൈം ടേബിൽ വച്ച് ചിട്ടപ്പെടുത്തിയ അവന്റെ ജീവിതത്തെ പറ്റിയോ, രാത്രിയും പകലുമറിയാത്ത അവന്റെ ദിനചര്യകളെയോ, ആശങ്കകളെ പറ്റിയോ ഒന്നും പറയുന്നില്ല. പറയാൻ ഉദ്യേശിക്കുന്നത് വേറെ ചില കാര്യങ്ങളാണ്...

കോവിഡ് കാലത്തെ പ്രവാസിയുടെ ജീവിതത്ത പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? ഈ സമയത്ത് ഓരോ പ്രവാസിയും അനുഭവിക്കുന്ന ആത്മ സങ്കർഷങ്ങളെ പറ്റി ആരെങ്കിലും ഒന്നാലോചിച്ചിട്ടുണ്ടോ...?

നമ്മുടെ നാട്ടിൽ കുടുങ്ങി പോയ വിദേശികളെ എത്ര കരുതലോടെയാണ് നാം സംരക്ഷിച്ചത്. നമ്മുടെ നാട്ടിലെ അഥിതി തൊഴിലാളികളോട് എത്ര കാരുണ്യത്തോടെയാണ് നാം ഇടപെട്ടത്. കോവിഡ് കാലത്ത് പട്ടിണിയാകുന്ന തെരുവുജീവികളുടെ കാര്യം വരെ എന്താത്മാർത്ഥതയോടാണ് നാം കണ്ടത്...

ഇതൊക്കെ വായിച്ച് ഞങ്ങൾ സന്തോഷിക്കാറുണ്ട്. നമ്മുടെ നാടിനെയോർത്ത് അഭിമാനിക്കാറുണ്ട്. തൊട്ടടുത്ത നിമിഷം പൊള്ളലോട് നെഞ്ചിൽ വേറൊരു ചിന്തയും നിറയും. ഈ കരുതലിന്റെ നൂറിലൊരംശം ഒരു പ്രവാസിക്ക് കിട്ടിയിരുന്നങ്കിലെന്ന്. ഈ മഹാമാരിയുടെ കാലത്ത് സുരക്ഷിതമായൊരു കൈയ്യകലത്തിന് ഓരോ പ്രവാസിയും എന്ത് മാത്രം കൊതിക്കുന്നുണ്ടെന്ന് അറിയാമോ...?

നിങ്ങളൊന്നും ഒരിക്കലും ചിന്തിക്കാത്ത, അറിയാത്ത അവസ്ഥയിലൂടെയാണ് ഓരോ പ്രവാസിയും കടന്ന് പോകുന്നത്. ഉറ്റവരും, ഉടയവരുമില്ലാതെ ഒറ്റപ്പെട്ട് പോകുന്ന വേദന. മയ്യിത്ത് പോലും അങ്ങനൊരു അവസ്ഥയിൽ മറവ് ചെയ്യേണ്ടി വരുന്നത്. ബന്ധങ്ങളും, സ്വന്തങ്ങളുമില്ലാതെ സാമൂഹ്യ പ്രവർത്തകർ പച്ച മണ്ണിട്ട് മൂടുന്നത്. കോവിഡ് മൂലം റിയാദിൽ മരണപ്പെട്ട സ്വഫ്‍വാനെ അറിയുമോ നിങ്ങൾക്ക്..? അത് പോലെ കോവിഡ് കാരണമായി മരണപ്പെട്ടവരെ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ...?

വേണ്ടപ്പെട്ടവർക്ക് ഒന്ന് വിശ്വസിക്കാൻ പോലുമാകാതെ മാഞ്ഞ് പോയവർ. റിയാദിൽ മരണപ്പെട്ട സ്വഫ്‍വാന്റെ ഭാര്യ ഇവിടുണ്ട്. അവസാനമായി ഒന്ന് കാണാൻ പോലും കഴിയാതെ, ഉറ്റവരൊന്നുമില്ലാതെ ജീവിതത്തിന്റെ ഭാഗമായവൻ പോയെന്ന് അവരുടെ മനസ്സിപ്പോഴും വിശ്വസിച്ചിണ്ടാവില്ല. ഒന്നാശ്വസിപ്പിക്കാൻ ആരുമില്ലാത്ത ആ മനസ്സിന്റെ വിങ്ങൽ എത്രയുണ്ടാകും. നെഞ്ച് പൊള്ളുന്ന വേദനയൊന്ന് പങ്ക് വയ്ക്കാൻ ബന്ധങ്ങളൊന്നുമില്ലാത്ത വീർപ്പുമുട്ടൽ ആർക്കും മനസ്സിലാകില്ല.

നാട്ടിലെ കരുതലും, സുരക്ഷിതത്വവും കണ്ടിട്ട് ഓരോ പ്രവാസിയും കോവിഡ് കാലത്തെ എങ്ങനെ അതിജീവിക്കുന്നുവെന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? ഇവിടുത്തെ നിയന്ത്രണങ്ങളിൽ പത്തും പതിനഞ്ചും പേരുള്ള റൂമിൽ ലോക്ക് ഡൗണായി ഞങ്ങളും ജീവിക്കുന്നുണ്ട്. പത്തും പതിനഞ്ചും ദിവസമായി ഇങ്ങനെ കഴിയുന്നവരുണ്ട്.

ഞങ്ങൾക്ക് ഭക്ഷണം കിട്ടിയോ, ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടോ എന്ന് ആരെങ്കിലും തിരക്കിയിട്ടുണ്ടോ? ഞങ്ങളുടെ കൂട്ടത്തിലും ഐസൊലേഷനിലും, ക്വാറന്റെനിലും കഴിയുന്നവരുണ്ട്.

അവരുടെ ആരോഗ്യസ്ഥിതിയെ പറ്റി ആർക്കെങ്കിലും അറിയാമോ? താമസിക്കുന്നതും, ചുറ്റുമുള്ളതുമായ മുഴുവൻ ബിൽഡിംഗുകളും ബ്ലോക്ക് ചെയ്ത് അകത്തേക്കോ പുറത്തേക്കോ ആർക്കും പ്രവേശനമില്ലാതെ പത്തും, പതിനഞ്ചും ദിവസമായി കഴിയുന്നവർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. കോവിഡ് ടെസ്റ്റിനായി സാമ്പിൾ എടുത്ത് പോയിട്ട് റിസൽട്ട് വരുന്നതും കാത്ത് ആകാംക്ഷയും പ്രാർത്ഥനയുമായി കഴിയുന്നവർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. തൊട്ടടുത്ത റൂമിൽ വരെ പോസിറ്റീവ് കേസ്സുകൾ എത്തിയതറിഞ്ഞ് നെഞ്ചിടിപ്പോടെ നിന്നവർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ദിവസവും പോസിറ്റീവ് ആയവരെ കൊണ്ട് പോകാൻ ആംബുലൻസ് വരുന്നതും നോക്കി വിതുമ്പലോടെ നോക്കി നിന്നവരാണ് ഞങ്ങളിൽ പലരും. അതും കടന്ന് റിസൽട്ട് പോസിറ്റീവായവർക്കൊപ്പം ഒരു പരിഭവവുമില്ലാതെ, കരുതലോടെ ഒറ്റ റൂമിൽ കഴിയുന്നുണ്ട് ഞങ്ങൾ.

ഞങ്ങളുടെ നെഞ്ചിന്റെ മിടിപ്പ് എപ്പോഴെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടോ...? ഞങ്ങളുടെ മനസ്സിന്റെ വിങ്ങൽ എപ്പോഴെങ്കിലും നിങ്ങളുടെ കാതിൽ പതിച്ചിട്ടിട്ടുണ്ടോ...? സുരക്ഷിതമായ ഒരു കൈയ്യകലം ഞങ്ങൾക്ക് മാത്രം അന്യമാകുന്നുവെന്ന് നിങ്ങൾക്ക് തോന്നാറില്ലേ...? കരുതലും സുരക്ഷിതത്വവുമൊക്കെ ഞങ്ങൾക്കും വേണ്ടേ...?

കരുതലിന്റെയൊരു കരസ്പർശം, സുരക്ഷിതത്വത്തിന്റെയൊരു തണൽ ഇടയ്ക്കൊക്കെ ഞങ്ങളും വല്ലാതെ കൊതിക്കാറുണ്ട്. ചിലപ്പോഴെങ്കിലും ഞങ്ങളുടെ സങ്കടങ്ങളോളം ആഴം ഒരു കടലിനുമുണ്ടാകില്ല. ഞങ്ങൾക്കായി വിധിക്കപ്പെട്ട സങ്കടക്കടലിൽ വിതുമ്പലും, വിങ്ങലുമൊക്കെ ഒളിപ്പിച്ച് ആ തോണി ഞങ്ങളിപ്പോഴും തുഴയുകയാണ്.

ആഴവും, മഹാമാരിയുമൊക്കെ കഴിഞ്ഞ് എല്ലാം ഉള്ളിലൊളിപ്പിച്ച് പുഞ്ചിരിക്കുന്ന തോണിക്കാരനായി ഞങ്ങൾക്കും ജയിക്കണം. ജീവിക്കണം. നാടിനും, വീടിനുമായി....

Lets socialize : Share via Whatsapp