കോവിഡ്​: ഖത്തറിൽ തൊഴിലുടമയ്ക്ക്​ തൊഴിലാളിയെ പിരിച്ചുവിടാം

by International | 31-03-2020 | 780 views

ദോഹ: ഖത്തറിൽ കോവിഡ്​ സാമ്പത്തിക പ്രതിസന്ധിമൂലം തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പാലിച്ച്​ തൊഴിൽ കരാർ റദ്ദാക്കി തൊഴിലുടമയ്ക്ക്​ തൊഴിലാളിയെ പിരിച്ചുവിടാം. എന്നാൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നൽകണം. മുഴുവന്‍ ശമ്പള കുടിശികയും കൊടുക്കണം. നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ ടിക്കറ്റ് നല്‍കണം.

ലോക്ക് ഡൗണ്‍ മൂലമോ മറ്റോ നാട്ടിലേക്ക് മടങ്ങാന്‍ സാധ്യമല്ലെങ്കില്‍ ആ കാലയളവിൽ തൊഴിലുടമ ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യവുമൊരുക്കണം. തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ്​ ഇക്കാര്യം.  

ലോക്ക് ഡൗണ്‍ കാരണമോ മറ്റോ തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കുകയും മടങ്ങാനാവാതെ വരികയും ചെയ്താല്‍ ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് ജോലിയുടേയും ആനുകൂല്യത്തിന്‍റെയും കാര്യങ്ങള്‍ തീരുമാനിക്കണം. ഇവർക്ക്​ ശമ്പളം നല്‍കാന്‍ തൊഴിലുടമയ്ക്ക്​ ബാധ്യതയില്ല. തൊഴില്‍ റദ്ദാക്കുകയാണെങ്കില്‍ തൊഴില്‍ നിയമവും കരാര്‍ പ്രകാരവുമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം.
നഷ്​ടത്തിലാണെങ്കിലും ജീവനക്കാര്‍ക്ക് കമ്പനികൾ ശമ്പളം നല്‍കണം. ഇതിനാണ്​ അമീറിന്‍റെ ഉത്തരവ്​ പ്രകാരം സ്വകാര്യ മേഖലയിലെ ബാങ്കുകൾക്ക്​ ലോൺ ഗ്യാരണ്ടിയായി മൂന്ന്​ ബില്ല്യൻ റിയാൽ സർക്കാർ നൽകിയത്​. കമ്പനികളുടെ വേതനസംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) കൈകാര്യം ചെയ്യുന്ന ബാങ്കിനെ സമീപിച്ചാല്‍ ലോണ്‍ ലഭിക്കും. ശമ്പളം നൽകാൻ സഹായിക്കുന്നതിനാണ്​ കമ്പനികൾക്ക്​ ലോൺ നൽകുന്നത്​.

ഐസൊലേഷന്‍, ക്വാറന്‍റൈന്‍, ചികിത്സ എന്നിവയിലുള്ള തൊഴിലാളികൾക്ക്​ തൊഴിലുടമ അടിസ്ഥാന ശമ്പളവും അസുഖാവധി ആനുകൂല്യങ്ങളും നൽകണം. കമ്പനികള്‍ കൃത്യമായി ശമ്പളം നല്‍കുന്നുണ്ടോ എന്ന് വേജ് പ്രൊട്ടക്ഷന്‍ സംവിധാനം വഴി തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ശമ്പള തിയ്യതിയുടെ ഏഴ് ദിവസത്തിനുള്ളില്‍ വേതനം കൊടുക്കുന്നില്ലെങ്കില്‍ നടപടിയെടുക്കും. സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന വേതനവും ഭക്ഷണവും താമസവും മറ്റ് അലവന്‍സുകളും ലഭിക്കും.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്​സൈറ്റ്​ വഴിയോ മെട്രാഷ് 2 ആപ്പ് മുഖേനയോ എല്ലാതരം വിസകളും പുതുക്കാം. വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഈ വിവരങ്ങള്‍ ബാധകമാണ്. രോഗലക്ഷണം കണ്ടാൽ തൊഴിലാളികള്‍ ഉടന്‍ തന്നെ ഖത്തര്‍ കോവിഡ് 19 ഹോട്ട്​ലൈന്‍ നമ്പറായ 16000-ല്‍  ബന്ധപ്പെടണം. അടിയന്തര നിലയാണെങ്കിൽ 999 നമ്പറില്‍ ബന്ധപ്പെട്ട് ഹമദിന്‍റെ ആംബുലന്‍സ്​ സഹായം തേടണം.

കോവിഡ് രോഗബാധയുണ്ടെന്ന് തെളിയുകയാണെങ്കില്‍ തൊഴിലാളികളെ മുഖൈനിസ് പ്രദേശത്തെ ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ പ്രവേശിപ്പിച്ച്​ ചികിൽസ നൽകും. വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമായ ചികിത്സ ലഭിക്കും. ഖത്തർ ഐ.ഡിയോ തൊഴിൽ വിസയോ ഇല്ലാത്തവർക്കും നിയമാനുസൃതമല്ലാതെ കഴിയുന്നവർക്കും സൗജന്യ ചികിത്സ ലഭ്യമാണ്​. നിലവിൽ ലോക്ക്​ ഡൗണിലായ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുന്നുണ്ട്​. 

തൊഴിലാളിക്ക്​ 24 മണിക്കൂറും പരാതി നൽകാൻ സൗകര്യം

ദോഹ: ഖത്തറിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട്​ പ്രവാസി തൊഴിലാളികൾക്ക് സഹായങ്ങൾ നൽകാൻ ഖത്തർ പ്രത്യേക സംവിധാനം ഒരുക്കി. ഖത്തർ ഐ.ഡി നമ്പറോ അല്ലെങ്കിൽ വിസ നമ്പറോ ടൈപ്പ്​  ചെയ്​ത്​ അതിന്​ മുന്നിൽ 5 എന്ന് ചേർത്തു 92727 എന്ന നമ്പറിലേക്ക് SMS അയക്കണം. 24 മണിക്കൂറും  സംശയം, പരാതികൾ ഇതിലൂടെ ഉന്നയിക്കാം. 40280660 എന്ന നമ്പറിലേക്ക് വിളിച്ചാൽ വിവിധ ഭാഷകളിൽ  സേവനം ലഭ്യമാണ്​.

Lets socialize : Share via Whatsapp