കോവിഡ്​ പ്രതിരോധം: ഖത്തറിൽ ആരോഗ്യമേഖല സുസജ്ജം

by International | 31-03-2020 | 619 views

ദോഹ: കൊറോണ വൈറസ് വ്യാപനത്തിനിടയിലും വൈദ്യശാസ്ത്രത്തിലും മെഡിക്കല്‍ രംഗത്തും സ്വയംപര്യാപ്തത നിര്‍വഹിക്കാനുള്ള ഖത്തറി​ന്‍റെ നിക്ഷേപം സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തിയതായി ഗവണ്‍മെന്‍റ്​ കമ്യൂണിക്കേഷന്‍സ് ഓഫിസ് അറിയിച്ചു. ജനസംഖ്യാനുപാതികമായി ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ഉള്‍പ്പെടെ ഖത്തര്‍ ഒന്നാമതെത്തി. മറ്റ് നിരവധി ആരോഗ്യ പരിപാലന മാനദണ്ഡങ്ങളില്‍ രാജ്യം ഉയര്‍ന്ന റാങ്കുകളില്‍ എത്തിയിട്ടുമുണ്ട്​.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവുമധികം ആളോഹരി ഡോക്ടര്‍മാരുള്ളത് ഖത്തറിലാണ്. ആയിരം പേര്‍ക്ക് 77.4 ഡോക്ടര്‍മാരാണ് ഖത്തറിലുള്ളത്. ആരോഗ്യ സംതൃപ്തിയുടെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഖത്തറുള്ളത്. ലെഗാറ്റം ഇൻസ്​റ്റിറ്റ്യൂട്ടി​ന്‍റെ കണക്കുകള്‍ പ്രകാരം ആരോഗ്യ അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ വലിയ നിക്ഷേപം നടത്തിയ ഖത്തര്‍ ആരോഗ്യ സംതൃപ്തിയിലും മികവ് കാണിക്കുന്നു. ആരോഗ്യ രംഗത്ത് ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്താണ് ഖത്തര്‍. 2019-ലെ ലെഗാറ്റം പ്രോസ്പെറിറ്റി റാങ്കിങ്ങില്‍ ആരോഗ്യരംഗത്ത് ആദ്യത്തെ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തറിന്‍റെ സ്ഥാനം. മേഖലയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനവും ഖത്തറിനാണ്.

മരുന്ന്, വൈദ്യസഹായം തുടങ്ങിയ കാര്യങ്ങളില്‍ പൂര്‍ണമായും സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഖത്തര്‍ വലിയ മുന്നേറ്റം നടത്തി. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്​ ഏതു സമയത്തും സുപ്രധാന മരുന്നുകളുടെയും അനുബന്ധ സാധനങ്ങളുടെയും മികച്ച കരുതല്‍ ശേഖരമാണുള്ളത്​.

Lets socialize : Share via Whatsapp