കൊവിഡ് 19: യൂറോപിലും അറേബ്യന്‍ രാജ്യങ്ങളിലും വൈറസ് ബാധ; ഇറാൻ വൈസ് പ്രസിഡന്റിനും കൊറോണ!

by General | 28-02-2020 | 1210 views

കൊവിഡ് 19 (കൊറോണ വൈറസ്) ബാധയിൽ മരണം 2,800 ആയി. യൂറോപിലും ഗള്‍ഫ് രാജ്യങ്ങളിലും രോഗം വളരെ വേ​ഗം വ്യാപിക്കുകയാണ്. ഇറ്റലിയിലും കൊവിഡ് 19 പടരുകയാണ്. ചൈന കഴിഞ്ഞാൽ കൂടുതൽ മരണം ഇറാനിലാണ്; 26 പേർ. രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് മസൂമി ഇബ്തികാർ ഉൾപ്പെടെ 245 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്താകമാനം രോഗം ബാധിച്ചവരുടെ എണ്ണം 82,000 ആയി ഉയര്‍ന്നു.

ഡെന്മാർക്ക്, ഇസ്തോണിയ, പാക്കിസ്ഥാൻ, നോർവേ, ഗ്രീസ്, റുമാനിയ, അൽജീരിയ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പിലെ 11 രാജ്യങ്ങളിലും കൊവിഡ് 19 സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോല്‍ ഗള്‍ഫ്, യൂറോപ്യന്‍ മേഖലകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഉംറ വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പാകിസ്ഥാന്‍ ഇറാനിലേക്കുള്ള വ്യോമഗതാഗതം നിരോധിച്ചു. പല അറേബ്യന്‍ രാജ്യങ്ങളും ഇറാന്‍ യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. പല രാജ്യങ്ങളും ഐസൊലേഷൻ നടപടികൾ കർശനമാക്കുകയും വിലക്കുകൾ ലംഘിക്കുന്നവർക്ക് ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഐസൊലേഷൻ നിർദേശം ലംഘിച്ചാൽ 8 വർഷം വരെ തടവുശിക്ഷ നൽകുമെന്ന്, ഇതുവരെ രോഗമെത്താത്ത കൊളംബിയ മുന്നറിയിപ്പ് നൽകി.

Lets socialize : Share via Whatsapp