യുഎഇ - യില്‍ ശക്തമായ പൊടിക്കാറ്റ്; മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശിയേക്കാമെന്ന് മുന്നറിയിപ്പ്; വടക്കന്‍ എമിറേറ്റുകളിലെ റോഡുകളില്‍ മണലും ചപ്പുചവറുകളും അടിച്ചുകയറി; വാഹനയാത്രക്കാര്‍ വലഞ്ഞു

by General | 27-02-2020 | 766 views

ദുബായ്: യുഎഇ-യില്‍ ദൂരക്കാഴ്ച കുറച്ച് ശക്തമായ പൊടിക്കാറ്റ്. ചില മേഖലകളില്‍ ദൂരക്കാഴ്ച 50 മീറ്റര്‍ വരെ കുറഞ്ഞു. ഇന്നും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും താപനില താഴുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

ശക്തമായ പൊടിക്കാറ്റില്‍ വാഹനയാത്രക്കാര്‍ വലഞ്ഞു. വടക്കന്‍ എമിറേറ്റുകളിലെ റോഡുകളില്‍ മണലും ചപ്പുചവറുകളും അടിച്ചുകയറി. എന്നാല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ബുധനാഴ്ച 28 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. വ്യാഴാഴ്ച 22 ഡിഗ്രി ആകുമെന്നാണ് സൂചന.

അതിനിടെ യുഎഇ-യില്‍ വ്യാഴാഴ്ച രാത്രി എട്ടുമണി വരെ ശക്തമായ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുക. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

Lets socialize : Share via Whatsapp