ഇ - വാലറ്റ് സേവനമായ 'ബയാന്‍ പേ'ക്ക് സൗദിയില്‍ പൂര്‍ണാനുമതി

by Business | 27-02-2020 | 1007 views

റിയാദ്: ലോകപ്രശസ്ത ധനവിനിമയ ശൃംഖലയായ ഫിനാബ്ലറി​ന്‍റെ ഭാഗമായ, 'ബയാന്‍ പേ'ക്ക് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ പൂര്‍ണ്ണ പ്രവര്‍ത്തനാനുമതി ലഭിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ വാലറ്റ് വഴി പണമിടപാടുകള്‍, ഇ-കോമേഴ്സ്, ചെറുകിട മധ്യനിര ബിസിനസ് പേയ്മെന്‍റ്സ് തുടങ്ങിയ സേവനങ്ങള്‍ ഇതുവഴി സാധ്യമാണ്. സൗദി അറേബ്യ ആസ്ഥാനമായുള്ള ഡിജിറ്റല്‍ പേയ്മെന്‍റ് സൊല്യൂഷന്‍ ദാതാവ് 'ബയാന്‍ പേ' മുഖേന സൗദി അറേബ്യയിലുടനീളമുള്ള ഉപയോക്താക്കള്‍ക്കും വാണിജ്യ സംരംഭകര്‍ക്കും ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും പണമിടപാടുകള്‍ നടത്താന്‍ ഇതോടെ എളുപ്പത്തില്‍ സാധിക്കും. ഫിനാബ്ലറിന്‍റെ ആഗോള തലത്തിലെ വിപുലശൃംഖലയും പരിചയ സമ്പത്തും വൈദഗ്ധ്യവും 'ബയാന്‍ പേ'യുടെ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആക്കം കൂട്ടും.

ദീര്‍ഘവീക്ഷണ പരമായ ഭരണനയങ്ങളുടെ പിന്‍ബലത്തില്‍ കൃത്യമായ ഔദ്യോഗിക ചട്ടക്കൂടുകള്‍ പാലിച്ച്‌ ത്വരിതഗതിയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സൗദി അറേബ്യന്‍ വിപണിയുടെ ധനവിനിമയ രംഗത്ത്, ക്യാഷ് ലെസ് സമൂഹമായി മാറാനുള്ള യത്നത്തില്‍ 'ബയാന്‍ പേ'ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് ഫിനാബ്ലര്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട്ട് പറഞ്ഞു. സൗദി ഭരണകൂടം പ്രഖ്യാപിച്ച 'സൗദി വിഷന്‍ 2030' എന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സാമ്ബത്തിക മേഖലാ വികസന പരിപാടിയുടെ മുഖ്യ മുദ്രാവാക്യങ്ങളിലൊന്നാണ് കാഷ് ലെസ് സൊസൈറ്റി. ഇതുള്‍പ്പെടെ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ പുരോഗമന പരിശ്രമങ്ങളില്‍ പങ്കാളിയാവാനും ശ്രദ്ധേയമായ സേവനങ്ങള്‍ നല്‍കാനും തങ്ങള്‍ക്ക് ലഭിച്ച അവസരം അഭിമാനകരമാണെന്നും പ്രമോദ് മങ്ങാട്ട് സൂചിപ്പിച്ചു.

'ബയാന്‍ പേ'യുടെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ബയാന്‍ പേ ബിസിനസ്സും ബയാന്‍ പേ വാലറ്റും. സൗദി അറേബ്യയിലെ ബിസിനസ് സ്ഥാപനങ്ങള്‍ തമ്മിലും, സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിലും, ബിസിനസ് സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മിലും ഏറ്റവും വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായി പണമിടപാട് സാധ്യമാക്കുന്ന ഓണ്‍ലൈന്‍ പേയ്മെന്‍റ്സ് സേവന സഞ്ചയികയാണ് ബയാന്‍ പേ ബിസിനസ്. ലോകബാങ്കിന്‍റെ കണക്കുകളനുസരിച്ച്‌ 43 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ രാജ്യാന്തര വിനിമയം നടക്കുന്ന സൗദി അറേബ്യയിലെ ഉപഭോക്താക്കള്‍ക്ക്, ഫിനാബ്ലറിന്‍റെ നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ, അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും തടസ്സങ്ങളില്ലാതെ സുരക്ഷിതമായി നിയമാനുസൃത പണമിടപാടിന് സൗകര്യമൊരുക്കുന്ന ഇ-വാലറ്റ് സേവനമാണ് ബയാന്‍ പേ വാലറ്റ്.

ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സുതാര്യവും സുഖകരവുമായ പണമിടപാടിന് പ്രതലമൊരുക്കുന്നതിലൂടെ ബയാന്‍ പേ സൗദി അറേബ്യന്‍ സാമ്ബത്തിക വിനിമയ മേഖലയുടെ ഡിജിറ്റല്‍ സ്പേസില്‍ വലിയ ചുവടു വെക്കുമ്ബോള്‍, ഫിനാബ്ലറിന്‍റെ സുദീര്‍ഘ സേവന പാരമ്ബര്യവും സാങ്കേതിക നൈപുണ്യവും വിപുല ശൃംഖലയും തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ബയാന്‍ പേ സ്ഥാപകനും ചെയര്‍മാനുമായ ഫഹദ് അല്‍ ഫവാസ് പ്രസ്താവിച്ചു. റിയാദില്‍ സ്ഥാപിതമായ 'ബയാന്‍ പേ' യുടെ ഭൂരിഭാഗം ഓഹരികളും ഫിനാബ്ലര്‍ ഗ്രൂപ്പ് ഈയിടെയാണ് ഏറ്റെടുത്തത്.

Lets socialize : Share via Whatsapp