കൊറോണ വൈറസ്: ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം

by International | 27-02-2020 | 754 views

റിയാദ്: കൊറോണ വൈറസ് ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവെച്ച്‌ സൗദി അറേബ്യ. ഇറാനിലടക്കം കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ തീരുമാനം. ഉംറ തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവച്ചതായി സൗദി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. രാജ്യത്തുള്ള സ്വദേശികളോട് കൊറോണയുള്ള രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തരുതെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. കൊറോണ സ്ഥരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും സൗദിയിലേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി ലക്ഷങ്ങളാണ് മക്കയും മദീനയും ലക്ഷ്യമാക്കി തീര്‍ഥാടനത്തിന് വരുന്നത്. കൊറോണ വ്യാപകമായി പടരുന്നതിനിടെ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വിദേശത്ത് നിന്നും ഉംറയ്ക്ക് വരുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദേശത്തുള്ള സൗദി പൗരന്മാര്‍ക്ക് കൊറോണ ഇല്ല എന്ന് സ്ഥിരീകരിച്ച ശേഷമേ സൗദിയിലേക്ക് പ്രവേശിപ്പിക്കൂ. 

അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടി വരികയാണ്. ബഹ്റൈനില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 33 ആയി. ഇറാനില്‍ 19 പേരാണ് നിലവില്‍ കൊറോണ പിടിപെട്ട് മരണപ്പെട്ടത്. 139 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

Lets socialize : Share via Whatsapp