
സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ സാമ്പത്തിക ഞെരുക്കത്തിനിടയിലും പ്രവാസികളെ പരിഗണിച്ചതായി വിലയിരുത്തൽ. പ്രവാസികളുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റിലെ നികുതി നിർദേശത്തെ വിമർശിക്കുന്ന ബജറ്റിൽ പ്രവാസി ക്ഷേമത്തിന് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. പ്രവാസി വകുപ്പിനുള്ള വകയിരുത്തൽ 30-ൽ നിന്ന് 90 കോടി രൂപയായി ഉയർത്തിയപ്പോൾ പ്രവാസി ക്ഷേമനിധിക്കും ഒമ്പത് കോടി നീക്കിവെച്ചു. 24 മണിക്കൂർ ഹെൽപ് ലൈനിനും ബോധവത്കരണത്തിനും പ്രവാസി ലീഗൽ എയ്ഡ് സെല്ലിനുമായി മൂന്നു കോടിയും വകയിരുത്തിയിട്ടുണ്ട്. പ്രവാസി സംഘടനകൾക്ക് ധനസഹായത്തിന് രണ്ടു കോടി നൽകും. വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ വയോജനങ്ങൾക്ക് കെയർ ഹോം, വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ജോബ് പോർട്ടൽ സമഗ്രമാക്കാൻ ഒരു കോടി, വൈദഗ്ധ്യ വികസനത്തിന് രണ്ടു കോടി, നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് രണ്ടു കോടി, എയർപോർട്ട് ആംബുലൻസിനും എയർപോർട്ട് ഇവാക്വേഷനും 1.5 കോടി തുടങ്ങിയവയും പ്രവാസികളെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ്.
മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് മുൻഗണന നൽകുമെന്ന പ്രഖ്യാപനം എത്രത്തോളം പ്രാവർത്തികമാക്കുമെന്ന് കണ്ടറിയണം. നേരത്തേയും പലതവണ പ്രഖ്യാപിച്ചിട്ടുള്ളതാണിത്. 10,000 നഴ്സുമാർക്ക് വിദേശ ജോലിക്ക് ക്രാഷ് ഫിനിഷിങ് കോഴ്സിന് അഞ്ചുകോടി, വിവിധ വിദേശഭാഷകളിൽ പരിശീലനം, ഓരോ രാജ്യവും നിഷ്കർഷിക്കുന്ന ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കേഷൻ, സാങ്കേതിക പുനഃപരിശീലനം, ഐ.ടി സ്കിൽ, സോഫ്റ്റ് സ്കിൽ തുടങ്ങിയവ ഉൾപ്പെടുന്ന ഫിനിഷിങ് സ്കൂൾ എന്നിവ വിദേശത്ത് തൊഴിൽ തേടുന്ന മലയാളി യുവാക്കളെ ലക്ഷ്യംവെച്ചുള്ളതാണ്.
ലോക കേരളസഭയ്ക്കും ലോക സാംസ്കാരിക മേളയ്ക്കും 12 കോടി വകയിരുത്തിയിട്ടുണ്ട്.
അതേസമയം, ധനമന്ത്രി തോമസ് ഐസക്കിന്റേത് പ്രവാസി ക്ഷേമത്തിലധിഷ്ഠിത ബജറ്റാണെന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി പറഞ്ഞു. വ്യവസായ വികസനം, അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷിക മേഖലയിലെ നവോത്ഥാനം, വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്ഷന് വര്‍ധന, പൈതൃക സംരക്ഷണം തുടങ്ങിയ പുരോഗമനപരമായ പദ്ധതികള്‍ക്കൊപ്പം പ്രവാസി ക്ഷേമത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ തുക നീക്കിവെച്ചത് സന്തോഷം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു .
90 കോടി രൂപ പ്രവാസി വകുപ്പിന് വിവിധ ക്ഷേമപരിപാടിക്ക് നീക്കിെവച്ചതും ലോക കേരളസഭക്ക് 12 കോടി വകയിരുത്തിയതും പ്രതീക്ഷയേകുന്നു എന്നും എം.എ. യൂസുഫലി കൂട്ടിച്ചേര്‍ത്തു.