
കുവൈത്ത് സിറ്റി: ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളോട് സ്വന്തം പൗരന്മാരായ തടവുകാരെ ഏറ്റുവാങ്ങാൻ കുവൈത്ത് ആവശ്യപ്പെട്ടു. ഇറാൻ, ഈജിപ്ത്, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയാണ് മറ്റുരാജ്യങ്ങൾ. കുവൈത്തിലെ തടവുകാരിൽ ഭൂരിഭാഗവും ഈ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ശേഷിക്കുന്ന തടവുകാലം സ്വന്തം രാജ്യത്ത് കഴിയുകയെന്ന വ്യവസ്ഥയിലാണ് കുവൈത്ത് തടവുകാരെ കയറ്റി അയക്കാൻ ഒരുങ്ങുന്നത്. ആവശ്യമുള്ള ഘട്ടത്തിൽ തടവുകാർ തിരിച്ചുവരുമെന്ന ഉറപ്പ് ബന്ധപ്പെട്ട രാജ്യങ്ങൾ നൽകണം. ഇറാൻ, ഇറാഖ് എന്നിവ ഇതിനകം കുവൈത്തിന്റെ നിർദേശത്തോട് അനുകൂലമായി പ്രതികരിക്കുകയും ഏതാനും തടവുകാരെ ഏറ്റുവാങ്ങുകയും ചെയ്തു.
ഇറാഖ് 13 തടവുകാരെയും ഇറാൻ മൂന്ന് ബാച്ചുകളിലായി 130 പേരെയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുവാങ്ങിയത്. ഈ രണ്ട് രാജ്യങ്ങളുമായി കുവൈത്തിന് തടവുകാരെ കൈമാറുന്നതിന് കരാറുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കുറ്റവാളികളെ കൈമാറില്ല. കുവൈത്തിലെ ജയിൽ നിറഞ്ഞ് അന്തേവാസികളെ പാർപ്പിക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയുണ്ട്. സെൻട്രൽ ജയിലിൽ 2,327 തടവുകാരെ പാർപ്പിക്കാനാണ് സൗകര്യമുള്ളത്. 3,295 പേരാണ് ഇപ്പോഴുള്ളത്. കഴിഞ്ഞവർഷം 1,596 പേർ പുതുതായി പ്രവേശിപ്പിക്കപ്പെട്ടപ്പോൾ 1,486 പേരെ വിട്ടയച്ചു. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള തടവുകാർ പോയാൽത്തന്നെ ജയിലിലെ തിരക്ക് ഒരു പരിധിവരെ കുറയും. പുതിയ ജയിൽ കെട്ടിടം നിർമിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്. ശൈത്യകാല തമ്പുകളും കായിക ഇനങ്ങൾക്കുള്ള സ്ഥലവും സൗകര്യങ്ങളും സാംസ്കാരിക പരിപാടികൾക്കുള്ള വേദിയും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഉള്ള ഹൈക്ലാസ് ജയിലാണ് കുവൈത്ത് പുതുതായി നിർമിക്കാനൊരുങ്ങുന്നത്.