അബുദാബിയില്‍ പുനരുപയോഗ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി റീ-സൈക്ലിംഗ് ബസ്

by Abudhabi | 19-01-2020 | 1592 views

അബുദാബി: സുസ്ഥിര പരിസ്ഥിതിയെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനും പുനരുപയോഗ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുമായി താമസിയാതെ, യുഎഇ തെരുവുകളില്‍ റീ-സൈക്ലിംഗ് ബസ് സര്‍വീസ് ആരംഭിക്കും. മിശ്രിത പുനരുപയോഗം, ഇ-മാലിന്യങ്ങള്‍, ബാറ്ററികള്‍, ലൈറ്റ് ബള്‍ബുകള്‍ തുടങ്ങിയവ ബസ് ശേഖരിക്കുമെന്ന് നൂതന പരിഹാര സേവന ദാതാക്കളായ ദുബൈ ആസ്ഥാനമായുള്ള ഡല്‍സ്‌കോ അറിയിച്ചു.

അബുദാബി സുസ്ഥിരതാ വാരത്തില്‍ പ്രദര്‍ശിപ്പിച്ച ബസ് പ്രദര്‍ശന നഗരിയിലെ മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. എക്‌സ്‌പോ 2020 ദുബൈയുടെ ഔദ്യോഗിക മാലിന്യ നിര്‍മാര്‍ജന പങ്കാളിയാണ് ഡല്‍സ്‌കോ. ബസിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നതിനും സന്ദേശം പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമാണ് അബുദാബി സുസ്ഥിരതാ വാരത്തില്‍ ബസ് പ്രദര്‍ശിപ്പിച്ചത്. മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഉദ്യോഗസ്ഥരെ അറിയിക്കാന്‍ സജ്ജമാക്കിയിരിക്കുന്ന ബസ് എനി എക്‌സ്‌പോ 2020 സൈറ്റിലായിരിക്കും പ്രദര്‍ശിപ്പിക്കുക, ഡല്‍സ്‌കോ സിഇഒ-യും മാനേജിംഗ് ഡയറക്ടറുമായ ഡേവിഡ് സ്റ്റോക്ക്‌ട്ടണ്‍ പറഞ്ഞു. മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനെക്കുറിച്ചും പുനരുപയോഗത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ബസ് സമൂഹത്തിലേക്കും സ്‌കൂളുകളിലേക്കും പോകും. താമസക്കാര്‍ക്ക് ബസ്സിലെ എട്ട് വാതിലുകള്‍ വഴി മാലിന്യങ്ങള്‍ സൗജന്യമായി നിക്ഷേപിക്കാം, കഴിയുന്നതും വേഗം ഞങ്ങള്‍ റോഡുകളിലേക്ക് പോകും അദ്ദേഹം വ്യക്തമാക്കി. ബസ് ജൈവ ഇന്ധനത്തിലാണ് ഓടുന്നത്. ഈ ബസ് ജനപ്രിയമായാല്‍ ഞങ്ങള്‍ കൂടുതല്‍ ബസുകള്‍ ഇറക്കും അദ്ദേഹം വിശദീകരിച്ചു.

പ്രതിദിന മാലിന്യ ശേഖരണം 173 ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഡല്‍സ്‌കോ എക്‌സ്‌പോ 2020-ല്‍ നിര്‍ണായക പങ്ക് വഹിക്കും. റീ-സൈക്കിള്‍ ചെയ്ത മാലിന്യങ്ങള്‍ എക്‌സ്‌പോ സൈറ്റുകളിലേക്ക് ചരക്കുകളായി മടങ്ങുകയും വിവിധ ഔട്ട്‌ലെറ്റുകളില്‍ ഉപയോഗിക്കുകയും ചെയ്യും. ഡല്‍സ്‌കോയുമായുള്ള പങ്കാളിത്തം സുസ്ഥിരതാ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പാരിസ്ഥിതിക പ്രശ്‌നം കുറയ്ക്കാനും സഹായിക്കുമെന്ന് എക്‌സ്‌പോ 2020 ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സഞ്ജീവ് ഖോസ്ല പറഞ്ഞു.

Lets socialize : Share via Whatsapp