വൈമാനികനായ ഈ രക്ഷകന് ഒരു ബിഗ് സല്യൂട്ട് നല്‍കാം; 2000 പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയത് കേണല്‍ സഈദ് അല്‍ യമാഹി എന്ന ഈ സൂപ്പര്‍ ഹീറോ

by General | 19-01-2020 | 956 views

കേണല്‍ സഈദ് അല്‍ യമാഹി എന്ന വൈമാനികനായ ഈ രക്ഷകന് ഒരു ബിഗ് സല്യൂട്ട് നല്‍കാം. പെരുമഴയത്തും മൂടല്‍മഞ്ഞിലും കൊടുങ്കാറ്റിലും പെട്ട് ജീവന് വേണ്ടി മല്ലടിച്ച 2,000 പേരുടെ ജീവനാണ് കേണല്‍ സഈദ് അല്‍ യമാഹി എന്ന ഈ സൂപ്പര്‍ ഹീറോ രക്ഷപ്പെടുത്തിയത്.

പര്‍വതങ്ങളിലും താഴ്വാരങ്ങളിലും വഴിതെറ്റി ജീവന് ഭീഷണി നേരിട്ടവരെ സാഹസികമായി രക്ഷപ്പെടുത്തിയ റെക്കോര്‍ഡാണ് ഇപ്പോള്‍ ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

പൊലീസിലെ എയര്‍ വിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അല്‍ യമാഹി പെരുമഴയത്തും മൂടല്‍മഞ്ഞിലും കൊടുങ്കാറ്റിലുമെല്ലാം രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ദുര്‍ഘട മേഖലകളില്‍ മറ്റു രക്ഷാ ദൗത്യങ്ങള്‍ വിഫലമാകുമ്പോഴാണ് എയര്‍വിങ്ങിന്റെ സഹായം തേടുക. ഇതുവരെ 4,000 ദൗത്യങ്ങള്‍ക്ക് അല്‍ യമാഹി നേതൃത്വം നല്‍കിയിട്ടുണ്ട്.

ആറ് വര്‍ഷത്തിനിടെ അല്‍ ബീഹ് താഴ് വരയില്‍ കുടുങ്ങിയ സ്വദേശികളും വിദേശികളുമായ 600 പേരെയാണ് ഇദ്ദേഹം രക്ഷപ്പെടുത്തിയത്. പലപ്പോഴും മരണത്തില്‍ നിന്ന് കഷ്ടിച്ചാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ജബല്‍ ജെയ്‌സ് മലനിരകളില്‍ കുടുങ്ങിയവരെ രക്ഷിക്കാനും ഇദ്ദേഹമാണ് പുറപ്പെടുക.

കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയില്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടി വന്നത്. ജബല്‍ജയ്‌സിനു സമീപമുള്ള ഗ്രാമത്തില്‍ നിന്ന് 204 പേരെയാണ് ഒഴിപ്പിച്ചത്. കനത്ത മഴയിലും മലവെള്ളത്തിലും ഇവരുടെ വീടുകള്‍ മുങ്ങി. കുടിവെള്ളവും വൈദ്യുതിയും മുടങ്ങിയിരുന്നു. തൊഴിലാളികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെയെല്ലാം ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തുകയായിരുന്നു.

ഇതിനിടെ അവശനിലയിലായ പലരെയും ആശുപത്രിയില്‍ എത്തിക്കേണ്ടതായും വന്നു. തിങ്കളാഴ്ച മാത്രം 50 പേരെ രക്ഷപ്പെടുത്തി. കുത്തിയൊലിക്കുന്ന മലവെള്ളത്തില്‍ അകപ്പെട്ട വാഹനത്തില്‍ നിന്ന് യുവാവിനെ രക്ഷപ്പെടുത്തിയതാണ് മറ്റൊരു ദൗത്യം.

1996-ല്‍ ഷാര്‍ജ എയര്‍ വിങ്ങില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 1999-ലാണ് ഷാര്‍ജ പൊലീസ് വിഭാഗം രൂപീകരിക്കുന്നത്. ആദ്യം തന്നെ നിയമനം ലഭിക്കുകയും ചെയ്തു. രണ്ട് പതിറ്റാണ്ട് പിന്നിട്ട ജീവിതത്തില്‍ ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഇപ്പോള്‍ അല്‍ യമാഹി.

Lets socialize : Share via Whatsapp