കരിപ്പൂരിന്റെ മുഖം മാറുന്നു... മെച്ചം തിരിച്ചറിഞ്ഞ് കൂടുതല്‍ വിമാന കമ്പനികള്‍; എയര്‍ ഇന്ത്യ ജംബോയ്ക്ക് പുറമെ ഇന്‍ഡിഗോ വിമാനവും ജിദ്ദ - കരിപ്പൂര്‍ സെക്ടറില്‍

by General | 19-01-2020 | 877 views

ജിദ്ദ: മലബാറിന്റെ അഭിമാനമായ കരിപ്പൂര്‍ വിമാനത്താവളത്തിന് ഇപ്പോള്‍ നല്ല കാലം. സൗദിയില്‍ നിന്ന് കരിപ്പൂരിലേയ്ക്ക് സര്‍വീസ് നടത്താന്‍ കൂടുതല്‍ വിമാന കമ്പനികള്‍ മുന്നോട്ടു വരികയാണ്. പുതുതായി കരിപ്പൂര്‍-ജിദ്ദ സര്‍വീസുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് രംഗത്തു വന്നു. നിലവില്‍ സൗദിയില്‍ നിന്ന് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന സൗദിയ എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നിവയ്ക്ക് പുറമെ മാര്‍ച്ചില്‍ രണ്ടു വിമാന കമ്പനികളാണ് പുതുതായി സൗദി-കരിപ്പൂര്‍ സര്‍വീസ് ആരംഭിക്കുന്നത്. എയര്‍ ഇന്ത്യയുടെ ജംബോ സര്‍വീസ് മാര്‍ച്ച്‌ 16-ന് ആരംഭിക്കാനിരിക്കെയാണ് ഇന്‍ഡിഗോയുടെ രംഗപ്രവേശം.

ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേയ്ക്കുള്ള കന്നി സര്‍വീസ് മാര്‍ച്ച്‌ 29-നായിരിക്കും. ഓണ്‍ ലൈനില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. www.goindigo.in എന്ന വെബ് സൈറ്റിലൂടെ ബുക്കിങ് നടത്താം. ആഴ്ചയില്‍ എല്ലാ ദിവസവും കരിപ്പൂരില്‍ നിന്ന് ഇന്‍ഡിഗോ സര്‍വീസ് ഉണ്ടായിരിക്കും.

ഇതുവരെ നിര്‍ണയിച്ചതനുസരിച്ച്‌ ഇന്‍ഡിഗോ വിമാനത്തിന്റെ സമയക്രമം ഇപ്രകാരമാണ്:

രാവിലെ 8.55-ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.20-ന് ജിദ്ദയിലെത്തും. ജിദ്ദയില്‍ നിന്ന് ഉച്ചക്ക് 1.20-ന് മടങ്ങുന്ന വിമാനം കരിപ്പൂരില്‍ രാത്രി 9.35-ന് ഇറങ്ങും. 186 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ബസ് 320 ഇനത്തില്‍ പെട്ട വിമാനമാണ് ജിദ്ദയിലേക്കുള്ള സര്‍വീസിനായി ഇന്‍ഡിഗോ ഏര്‍പ്പെടുത്തുന്നത്.

ഉദ്ഘാടന ഓഫറോട് കൂടിയ ജിദ്ദ-കരിപ്പൂര്‍ ഇന്‍ഡിഗോ വിമാനത്തിന്റെ വണ്‍വേ ടിക്കറ്റ് നിരക്ക് 750 സൗദി റിയാല്‍ ആണ്. 25 കിലോ ആണ് ചെക്ക് ഇന്‍ ലഗേജ്. പുറമെ, ഏഴ് കിലോ ഹാന്‍ഡ് ബാഗേജ്. കരിപ്പൂര്‍ സര്‍വീസുകളുടെ ലാഭസാധ്യത കൂടുതല്‍ വിമാന കമ്പനികളെ അവിടേയ്ക്ക് മാടി വിളിക്കുകയാണ്. ഭരണ, ഉദ്യോഗ തലങ്ങളില്‍ നിന്നുണ്ടായ പ്രതിലോമ നടപടികള്‍ മൂലം അമ്പേ തകര്‍ന്നു പോകുമായിരുന്ന കരിപ്പൂര്‍ വിമാനത്താവളം സാമൂഹ്യ പതിബദ്ധത പുലര്‍ത്തുന്ന വ്യക്തികളുടെയും വേദികളുടയും അക്ഷീണ ശ്രമം ഫലം കൊണ്ട് കൂടിയാണ് ഇപ്പോള്‍ പുതുജീവന്‍ കൈവരിക്കുന്നത്. ജിദ്ദയില്‍ ജോലി ചെയ്യുന്ന ലക്ഷകണക്കിന് മലബാര്‍ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗദി അറേബ്യ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിസകളില്‍ എത്തുന്നവര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഏറെ ആശ്വാസമാവുകയാണ് പുതിയ കരിപ്പൂര്‍ സര്‍വീസുകള്‍.

Lets socialize : Share via Whatsapp