നിര്‍ധനരായ പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ അവസരം

by General | 18-01-2020 | 452 views

അബുദാബി: നിര്‍ധനരായ പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ അവസരം. അബുദാബി മലയാളി സമാജത്തിന്‍റെ സ്നേഹസ്പര്‍ശം എന്ന പദ്ധതിയിലൂടെയാണ് 10 പേരുടെ മാതാപിതാക്കളെ (മൊത്തം 20 പേര്‍) എല്ലാ ചെലവുകളും വഹിച്ച്‌ യുഎഇ-യില്‍ എത്തിക്കുന്നത്.

ബുര്‍ജ് ഖലീഫ, അബുദാബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്, പൈതൃക ഗ്രാമം, ദുബായ് ഗ്ലോബല്‍ വില്ലേജ് തുടങ്ങി യുഎഇ-യിലെ വിവിധ എമിറേറ്റുകളിലെ ടൂറിസ കേന്ദ്രങ്ങള്‍ കാണാന്‍ അവസരമൊരുക്കും. ഇതുവരെ മാതാപിതാക്കളെ യുഎഇ-യിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്ത കുറഞ്ഞ വരുമാനക്കാരായ പ്രവാസി മലയാളികള്‍ക്ക് അപേക്ഷ നല്‍കാം.

വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, യുഎഇ ടൂര്‍, ചികിത്സ എന്നിങ്ങനെ എല്ലാ ചെലവുകളും മലയാളി സമാജം വഹിക്കുമെന്ന് പ്രസിഡന്‍റ് ഷിബു വര്‍ഗീസ് പറഞ്ഞു. ഒരാഴ്ച യുഎഇ-യില്‍ താമസിക്കാനുള്ള ചെലവാണ് സമാജം വഹിക്കുന്നത്.

ജോലി ചെയ്യുന്ന രാജ്യത്തേക്ക് മാതാപിതാക്കളെ കൊണ്ടുവരാനാകാതെ വിഷമിക്കുന്ന കുറഞ്ഞ ശമ്പളത്തില്‍ ജീവിക്കുന്ന പ്രവാസി മലയാളികളുടെ അവസ്ഥ കണ്ടറിഞ്ഞാണ് ഇത്തരമൊരു ഉദ്യമം സമാജം ആരംഭിക്കുന്നതെന്ന് ഷിബു കൂട്ടിച്ചേര്‍ത്തു.

Lets socialize : Share via Whatsapp