യുഎഇ, ഭീകരാക്രമണങ്ങള്‍ കുറഞ്ഞ രാജ്യമെന്ന് കണക്കുകള്‍

by General | 18-01-2020 | 297 views

ദുബായ്: തീവ്രവാദം കൂടുതലുള്ള രാജ്യങ്ങളുടെ ആഗോളപ്പട്ടികയില്‍ അവസാന സ്ഥാനങ്ങളില്‍ ഇടം പിടിച്ച്‌ യു.എ.ഇ-യും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്ത രാജ്യമായി യു.എ.ഇ മാറി എന്ന് ലോക ഭീകരവാദ സൂചിക വ്യക്തമാക്കിയതായി നാഷണല്‍ മീഡിയ കൗണ്‍സിലാണ് അറിയിച്ചത്.

ഭീകരവാദ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ 163 രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ 130-ാം സ്ഥാനത്താണ്. ഓരോ രാജ്യത്തും നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, ആക്രമണങ്ങള്‍, മരണം, മറ്റ് നാശനഷ്ടങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് സൂചിക തയ്യാറാക്കിയത്. മധ്യപൂര്‍വ്വേഷ്യയില്‍ ഇറാഖ്, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്തിലുള്ളത്. പട്ടികയില്‍ 130-ാം സ്ഥാനത്തുള്ള യു.എ.ഇ അപൂര്‍വമായി മാത്രം അനിഷ്ടസംഭവങ്ങള്‍ നടക്കുന്ന വിഭാഗത്തിലാണ്.

ഈ കണക്കുകള്‍ പ്രകാരം യു.എ.ഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നായി മാറിയെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂരി പറഞ്ഞു.

Lets socialize : Share via Whatsapp