യുഎഇ - യില്‍ പ്രവാസി വനിതയും രണ്ട് മക്കളും ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍

by General | 02-01-2020 | 395 views

അജ്‍മാന്‍: പ്രവാസി വനിതയെയും രണ്ട് പെണ്‍മക്കളെയും യുഎഇ-യിലെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അജ്‍മാനിലെ അല്‍ റാഷിദിയയിലാണ് സംഭവം. തുണികൊണ്ട് കഴുത്ത്മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ യുവതിയുടെ അമ്മ അജ്‍മാന്‍ പൊലീസുമായി ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുഎഇ-യില്‍ തന്നെ മറ്റൊരിടത്ത് താമസിക്കുന്ന ഇവര്‍ക്ക് മകളുമായും പേരക്കുട്ടികളുമായും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഫോണില്‍ ലഭിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു പൊലീസിനെ വിളിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് 32-കാരിയായ യുവതിയുടെയും 16-ഉം 13-ഉം വയസ് പ്രായമുള്ള മക്കളുടെയും മൃതദേഹങ്ങള്‍ വെവ്വേറെ മുറികളിലായി കണ്ടെത്തിയത്.

മൂന്ന് വയസുകാരിയായ മകളെ കൊലപ്പെടുത്തിയിരുന്നില്ല. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ പൊലീസ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെയും കഴുത്തില്‍ തുണി കൊണ്ട് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവ് മുന്‍കൂട്ടി പദ്ധതിയിട്ട പ്രകാരം നടപ്പാക്കിയ കൊലപാതകമാണെന്നാണ് സംശയിക്കുന്നതെന്ന് അജ്മാന്‍ പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് അബ്‍ദുള്ള അഹ്‍മദ് അല്‍ ഹംറാനി പറഞ്ഞു.

Lets socialize : Share via Whatsapp