അബുദാബിയില്‍ നാളെ മുതല്‍ ടോള്‍ സംവിധാനം പ്രവര്‍ത്തനമാരംഭിക്കും

by Abudhabi | 02-01-2020 | 788 views

അബുദാബി നിരത്തുകളില്‍ വ്യഴാഴ്ച മുതല്‍ ടോള്‍ സംവിധാനം പ്രവര്‍ത്തനം ആരംഭിക്കും. ശനിയാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച വരെ തിരക്കേറുന്ന സമയങ്ങളായ രാവിലെ 7 മണി മുതല്‍ 9 മണി വരെയും വൈകിട്ട് 5 മണി മുതല്‍ 7 മണി വരെയുമാണ് ടോള്‍ നിരക്ക് ഈടാക്കുക.4 ദിര്‍ഹമാണ് ടോള്‍. ബാക്കി സമയങ്ങളിലും വെള്ളിയാഴ്ച്ചയും പൊതു അവധി ദിനങ്ങളിലും ടോള്‍ നല്‍കേണ്ടതില്ല.

അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകള്‍ക്ക് ടോള്‍ നല്‍കണം. ദിവസത്തില്‍ 16 ദിര്‍ഹമാണ് ഒരു വാഹനത്തില്‍ നിന്ന് പരമാവധി ടോള്‍ നിരക്ക് ഈടാക്കുക. സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രതിമാസം 200 ദിര്‍ഹം നല്‍കി എത്ര തവണ വേണമെങ്കിലും ടോള്‍ ഗേറ്റിലൂടെ സഞ്ചരിക്കാനുള്ള സൗകര്യവുമുണ്ട്. ഒന്നിലേറെ വാഹനമുള്ളവര്‍ക്ക് റജിസ്റ്റര്‍ ചെയ്ത ആദ്യവാഹനത്തിന് മാസം 200 ദിര്‍ഹവും രണ്ടാമത്തെ വാഹനത്തിന് 150 ദിര്‍ഹവും മൂന്നാമത്തെ വാഹനത്തിന് 100 ദിര്‍ഹവും നല്‍കിയാല്‍ മതിയാകും.

രജിസ്‌ട്രേഷന്‍ നടത്താതെ ഗേറ്റ് കടക്കുന്ന വാഹനത്തിന് ആദ്യ തവണ പത്ത് ദിവസം രജിസ്‌ട്രേഷന്‍ നടപടിക്കായി അനുവദിക്കും. ഈ കാലാവധിക്ക് ശേഷവും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗേറ്റ് കടന്നാല്‍ ആദ്യ ദിനം 100 ദിര്‍ഹമാണ് പിഴ. രണ്ടാം ദിനം 200 ദിര്‍ഹമായും മൂന്നാം ദിനം 400 ദിര്‍ഹമായും പിഴ നിരക്ക് ഉയരും. ഇത് പരമാവധി 10,000 ദിര്‍ഹം വരെയാവും. അബുദാബിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം സാലിക്ക് അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലാതെ കടന്നു പോയാല്‍ ഓരോ ദിവസവും 50 ദിര്‍ഹം വീതം പിഴ നല്‍കും.

Lets socialize : Share via Whatsapp