പുതുവത്സരാഘോഷം; ദുബായിലെത്തിയത് 20 ലക്ഷം പേര്‍

by Dubai | 02-01-2020 | 849 views

ദുബായ്: നഗരം വെട്ടിത്തിളങ്ങി, വെടിക്കെട്ടും നിറഞ്ഞുതുളുമ്പുന്ന ഉത്സവാന്തരീക്ഷവും. എങ്ങും ആളും ആരവവും ആര്‍പ്പുവിളികളും. ഉറങ്ങാതെ കാത്തിരുന്നാണ് പുതുവത്സരത്തെ രാജ്യം വരവേറ്റത്. 20 ലക്ഷത്തോളം ആളുകളാണ് പുതുവത്സരാഘോഷത്തിന് ഇത്തവണ ദുബായില്‍ എത്തിയത്. അതില്‍ 10 ലക്ഷം പേര്‍ നഗരത്തെ വര്‍ണസാഗരമാക്കിയ കരിമരുന്ന് പ്രയോഗം വീക്ഷിക്കാനെത്തി. ലക്ഷക്കണക്കിനാളുകള്‍ ടെലിവിഷനിലൂടെ രാജ്യത്തെ ആഘോഷങ്ങള്‍ തല്‍സമയം കണ്ടു. ലോകം കണ്ടതില്‍വെച്ചേറ്റവും വര്‍ണാഭമായ പുതുവത്സരാഘോഷം സംഘടിപ്പിച്ച ടീമിനെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു. വിവിധ രാഷ്ട്രത്തലവന്‍മാര്‍ യു.എ.ഇ ഭരണാധികാരികള്‍ക്ക് പുതുവത്സര സന്ദേശങ്ങള്‍ കൈമാറി.

ദുബായില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, ഗ്ലോബല്‍ വില്ലേജ്, ബുര്‍ജ് അല്‍ അറബ്, അല്‍ സീഫ്, ദ ബീച്ച്‌ ഉള്‍പ്പെടെ 25 സ്ഥലങ്ങളിലായിരുന്നു ആഘോഷം. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളായിരുന്നു അധികൃതര്‍ നടത്തിയിരുന്നത്. കാഴ്ചകള്‍ ആസ്വദിക്കാന്‍ ഉല്ലാസ നൗകകളും അധികൃതര്‍ തയ്യാറാക്കിയിരുന്നു. കെട്ടിടങ്ങളുടെ മുകളില്‍ കയറി നിന്നും പലയിടങ്ങളിലും പൊതുജനങ്ങള്‍ നഗര കാഴ്ചകള്‍ ആസ്വദിച്ചു. ദുബായ് ഫ്രെയിമില്‍ ആദ്യമായി കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോയും ഉണ്ടായി. പാര്‍ക്കുകളിലും കണ്ണഞ്ചിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ അരങ്ങേറി.

ബുര്‍ജ് ഖലീഫയിലേക്ക് ജനസാഗരം

ബുര്‍ജ് ഖലീഫയില്‍ ചൊവ്വാഴ്ച രാത്രി കൃത്യം 11.57 മുതല്‍ തുടങ്ങിയ കരിമരുന്ന് പ്രയോഗം എട്ട് മിനിറ്റ് നീണ്ടുനിന്നു. ജനസാഗരമായിരുന്നു ആ കാഴ്ച കാണാന്‍ പാട്ടും മേളവുമായി ഒഴുകിയെത്തിയത്. ഡൗണ്‍ടൗണ്‍ ദുബായ് തിങ്ങിനിറഞ്ഞിരുന്നു. കാര്‍ണിവല്‍, ഫൗണ്ടന്‍ ഷോ, ആനിമേഷന്‍ തുടങ്ങി വിവിധ ആഘോഷ പരിപാടികളും ഉണ്ടായിരുന്നു. വൈകീട്ട് നാല് മണി മുതല്‍ ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള റോഡുകള്‍ അടച്ചിരുന്നു. പൊതുവാഹനങ്ങള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ദുബായ് ഫെറി, വാട്ടര്‍ ബസ്, അബ്ര എന്നിവയില്‍ യാത്ര ചെയ്ത് കാഴ്ചകള്‍ ആസ്വദിക്കാനുള്ള അവസരവും പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നു.

Lets socialize : Share via Whatsapp