പുതുവത്സര വിസ്മയങ്ങള്‍; റാസല്‍ഖൈമയ്‌ക്ക് ഗിന്നസ് നേട്ടം

by Entertainment | 02-01-2020 | 3399 views

റാസല്‍ഖൈമ: ലോകം മുഴുവന്‍ പുതുവര്‍ഷത്തെ അത്യാഹ്ലാദത്തോടെ വരവേറ്റപ്പോള്‍ ചരിത്രത്തില്‍ ഇടം നേടുന്ന ഗിന്നസ് റെക്കോഡ് നേടിയാണ് റാസല്‍ഖൈമയില്‍ ഇത്തവണയും നവവര്‍ഷം പിറന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി രണ്ട് റെക്കോഡ് വിസ്മയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പടക്ക പ്രദര്‍ശനത്തിലൂടെ ചരിത്രം സൃഷ്ടിക്കുകയായിരുന്നു റാസല്‍ഖൈമയിലെ പവിഴദ്വീപ്. ഒരേസമയം തുടര്‍ച്ചയായി പടക്കങ്ങള്‍ വിക്ഷേപിക്കുന്ന ആളില്ലാ ആകാശവാഹനങ്ങളുടെ ഉപയോഗമാണ് ഏറെ ശ്രദ്ധേയമായത്. 173 പൈറോ ഡ്രോണുകള്‍ ഉപയോഗിച്ച്‌ നടത്തിയ കരിമരുന്ന് പ്രയോഗത്തിലെ നൂതന സാങ്കേതിക വിദ്യയും ദൈര്‍ഘ്യമേറിയ വെടിക്കെട്ട് ഫയര്‍ മതിലിന്റെ പ്രദര്‍ശനവും മൂന്നാം വര്‍ഷവും ഗിന്നസ് റെക്കോഡില്‍ മുത്തമിടാന്‍ റാസല്‍ഖൈമയ്ക്ക് സഹായകമായി.

ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ നിന്നുള്ള വിധികര്‍ത്താക്കള്‍ നിശ്ചയിച്ച കര്‍ശനമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് നടത്തിയ ഒരുക്കങ്ങള്‍, ജപ്പാനിലെ ഫുകുവോകയില്‍ രേഖപ്പെടുത്തിയ 3,517.23 മീറ്ററിലെ മുന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ ദൈര്‍ഘ്യമേറിയ വെടിക്കെട്ട് ഡിസ്‌പ്ലേ, 3,788.86 മീറ്റര്‍ അകലെ വരെയുള്ള പടക്ക ശൃംഖലയായി അവതരിപ്പിച്ചാണ് റാസല്‍ഖൈമ ചരിത്രത്തില്‍ ഇടം നേടിയത്. തികഞ്ഞ സുരക്ഷാ സംവിധാനങ്ങളോടെ റാസല്‍ഖൈമയില്‍ ഒരുക്കിയ പുതുവത്സരാഘോഷം എല്ലാ പ്രായത്തിലുമുള്ള ആളുകളെ ആകര്‍ഷിക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിരുന്നത്.

പരിപാടിയുടെ പ്രധാന വേദിയായ അല്‍ മര്‍ജന്‍ ദ്വീപില്‍, കുട്ടികള്‍ക്കായി പടക്ക പ്രദര്‍ശനത്തിന്റെ കൗണ്ട് ഡൌണ്‍ വരെ വിനോദ പരിപാടികള്‍, പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ആഘോഷ പ്രദര്‍ശനങ്ങള്‍ എന്നിവയും ഒരുക്കിയിരുന്നു. റാസല്‍ഖൈമ പോലീസ്, റാസല്‍ഖൈമ സര്‍ക്കാര്‍ മീഡിയ ഓഫീസ്, റാസല്‍ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി, ചേംബര്‍ ഓഫ് കൊമേഴ്‌സ്, പൊതുമരാമത്ത്, റാസല്‍ഖൈമ മുനിസിപ്പാലിറ്റി, അല്‍ ഹംറ, എന്നിവരടങ്ങുന്ന ഉന്നതതല സംഘാടക സമിതിയാണ് പുതുവത്സര ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Lets socialize : Share via Whatsapp