യുഎഇ - യില്‍ ഒരുമിച്ച്‌ മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിക്ക് ശിക്ഷ വിധിച്ചു

by General | 02-01-2020 | 302 views

റാസല്‍ഖൈമ: ഒരുമിച്ച്‌ മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ ഏഷ്യക്കാരനായ പ്രവാസിക്ക് റാസല്‍ഖൈമ കോടതി ശിക്ഷ വിധിച്ചു. 15 വര്‍ഷം ജയില്‍ ശിക്ഷയും കൊല്ലപ്പെട്ടയാളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണിയും നല്‍കണമെന്നാണ് വിധി.

മരുഭൂമിയില്‍ വെച്ച്‌ നിയമവിരുദ്ധമായി മദ്യപിച്ച ശേഷമായിരുന്നു പ്രതി, ഒരേ നാട്ടുകാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിക്കാനായാണ് ഒറ്റപ്പെട്ട മരഭൂമിയിലെത്തിയത്. മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങുകയും കൊല്ലപ്പെട്ടയാള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച്‌ പ്രതിയുടെ അമ്മയെ അപമാനിക്കുകയും ചെയ്തു. ഇതോടെ നിയന്ത്രണം വിട്ട പ്രതി, മദ്യക്കുപ്പി പൊട്ടിച്ച്‌ കഴുത്തില്‍ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.

സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. മദ്യക്കുപ്പിയുടെ ഭാഗം കൊണ്ടാണ് കുത്തിക്കൊന്നതെന്നും അന്വേഷണത്തിലാണ് വ്യക്തമായത്. ആദ്യം പ്രോസിക്യൂഷനും പിന്നീട് കോടതിക്കും കൈമാറിയ കേസില്‍ വാദം തുടങ്ങിയപ്പോള്‍ പ്രതി കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി.

Lets socialize : Share via Whatsapp