പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്; അധികൃതരുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

by Dubai | 31-12-2019 | 971 views

ദുബായ്: പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്. റോഡിലും മറ്റും വന്‍ തിരക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.), ദുബായ് പോലീസ് എന്നിവര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കാഴ്ചകള്‍ കാണാന്‍ വാഹനങ്ങള്‍ റോഡിനരികില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സമുണ്ടാക്കാതിരിക്കണം. അത്യാഹിത വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും യാത്രാ സൗകര്യമൊരുക്കാനായി ചൊവ്വ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ബുധനാഴ്ച രാത്രി 12 വരെ മെട്രോ റെഡ്‌ലൈനില്‍ സര്‍വീസുണ്ടാകും. ഗ്രീന്‍ലൈനില്‍ ചൊവ്വ പുലര്‍ച്ചെ 5.30 മുതല്‍ ബുധന്‍ രാത്രി 12 വരെയും പ്രവര്‍ത്തിക്കും. ട്രാം ചൊവ്വ രാവിലെ ആറ് മുതല്‍ വ്യാഴം പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് നടത്തും. ബസ്, വാട്ടര്‍ ബസ്, അബ്ര സര്‍വീസുകള്‍, ഫെറി സര്‍വീസ് എന്നിവയും അധിക സര്‍വീസ് നടത്തും.

Lets socialize : Share via Whatsapp