ഓടിയെത്താന്‍ ഇനി നാസര്‍ നന്തിയില്ല; ഉള്‍ക്കൊള്ളാനാവാതെ പ്രവാസി സമൂഹം

by General | 30-12-2019 | 352 views

ദുബായ്: യു.എ.ഇ-യിലെ പ്രവാസ ജീവിതത്തിനിടയില്‍ മരണമടയുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ഭൗതികശരീരം നാട്ടിലേക്ക് അയയ്ക്കാനുള്ള സങ്കീര്‍ണ പ്രക്രിയകളുടെ കുരുക്കഴിക്കാന്‍ ഇനി ആ മനുഷ്യനില്ല. വിദൂരസ്ഥമായ ഈ ദേശത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ രോഗക്കിടക്കയിലാവുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസ ദൂതുമായി പാഞ്ഞെത്താനും ഇനി അദ്ദേഹമില്ല. യു.എ.ഇ-യിലെ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി നാസര്‍ നന്തി ഓര്‍മയായി.

പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ നാസര്‍ നന്തി (61) ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ദുബായിലെ ആശുപത്രിയിലാണ് അന്തരിച്ചത്. പുലര്‍ച്ചെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊയിലാണ്ടി നന്തിബസാര്‍ മുസ്‌ലിയാര്‍കണ്ടി കുടുംബാംഗമാണ്.

യു.എ.ഇ-യില്‍ രോഗംവന്നു കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സഹായമെത്തിക്കുന്നതിലും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കുന്നതിലുമെല്ലാം ഏറെ സജീവമായി പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തകനായിരുന്നു നാസര്‍. നൂറുകണക്കിന് മൃതദേഹങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് അയച്ചിട്ടുണ്ട്.

ചെന്നൈയിലും മുംബൈയിലും ബിസിനസ് നടത്തിവന്ന നാസര്‍ 1992-ലാണ് ദുബായിലെത്തിയത്. ദുബായില്‍ അല്‍ മുഹൈരി ട്രാവല്‍ ആന്‍ഡ് ടൂറിസമെന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തിക്കൊണ്ടാണ് ഗള്‍ഫിലെ പ്രവാസമാരംഭിച്ചത്. ഇതേസമയംതന്നെ ഒട്ടേറെ കമ്പനികളുടെ പി.ആര്‍.ഒ-യായും പ്രവര്‍ത്തിച്ചു. ഇതിനിടയിലാണ് പൊതുരംഗത്തും സജീവമായത്. പി.ആര്‍.ഒ അസോസിയേഷന്റെ രൂപവത്കരണത്തിലും പങ്കാളിയായി. ദീര്‍ഘകാലം അതിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. ലേബര്‍ ക്യാമ്പുകളിലും മരുഭൂമിയിലുമെല്ലാം കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ നാസര്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്കായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും സഹകരിച്ച് പ്രവര്‍ത്തിച്ചു. ഒട്ടേറെ കൂട്ടായ്മകളുടെ അധ്യക്ഷനും രക്ഷാധികാരിയുമാണ്. ഒട്ടേറെ പുരസ്കാരങ്ങള്‍ക്കും അര്‍ഹനായി. തിങ്കളാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തില്‍ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി.

ഭാര്യ: നസീമ. മക്കള്‍: സന, ഷിബില(യു.എസ്.), സാദ് (ബഹ്‌റൈന്‍). ഖബറടക്കം നാട്ടില്‍.

ഉള്‍ക്കൊള്ളാനാകാതെ പ്രവാസി സമൂഹം

സോനാപ്പുരിലെ എംബാമിങ് സെന്റര്‍ എന്നും ദുഃഖം ഘനീഭവിച്ചു നില്‍ക്കുന്ന, മരണത്തിന്റെ മണമുള്ള ഇടമാണ്. ആശുപത്രി, പോലീസ് രേഖകളെല്ലാം ശരിയാക്കിയെടുത്ത ശേഷം വിട്ടുകിട്ടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ ഇവിടെയാണ് തുടങ്ങുന്നത്.

എംബാമിങ് കഴിഞ്ഞ് മൃതദേഹങ്ങള്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് അവിടെ കൂടിയവര്‍ക്ക് അവസാനമായി ഒരു നോക്കുകാണാനുള്ള അവസരം നല്‍കും. എല്ലാവരും കണ്ടെന്ന് ഉറപ്പുവരുത്തിയും പ്രാര്‍ഥനയ്ക്കും അവസാന യാത്രയ്ക്കും നേതൃത്വം നല്‍കുന്നത് ഏതാനും പൊതുപ്രവര്‍ത്തകരാണ്. ബന്ധുക്കളും കൂട്ടുകാരുമെല്ലാം ദുഃഖഭാരത്താല്‍ ഒന്നിനുമാവാതെ നില്‍ക്കുമ്പോള്‍ എല്ലാം അവരേറ്റെടുത്ത് ചെയ്യുന്നു. അവരിലെന്നും മുന്നിലൊരാള്‍ നന്തി നാസറായിരുന്നു. തൂവെള്ള ഷര്‍ട്ടും അതിനെക്കാള്‍ വെളുത്ത താടിയുമുള്ള ആ മനുഷ്യന്‍ എല്ലാം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. ഇതിനിടയില്‍ തളര്‍ന്നുപോകുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാനും എത്തുമായിരുന്നു.

ഞായറാഴ്ച വൈകീട്ട് അയാള്‍ ആ പെട്ടിക്കുള്ളില്‍ ശാന്തനായി കിടക്കുകയായിരുന്നു. തോളില്‍ കൈവെച്ചുള്ള സംസാരങ്ങളില്ല, എല്ലാം നടക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള നെട്ടോട്ടമില്ല. അയാള്‍ അവസാനമായി ഉറങ്ങുകയായിരുന്നു. പ്രവാസലോകത്തു നിന്ന് അനേകമനേകം മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ മുന്നില്‍ നിന്ന ആ മനുഷ്യന്റെ ചേതനയറ്റ ശരീരം ഒട്ടും വൈകാതെ നാട്ടിലെത്തിക്കാന്‍ അദ്ദേഹത്തിനൊപ്പം ഈ രംഗത്തു നിന്ന ഒട്ടേറെ പേരുണ്ടായിരുന്നു അവിടെ. അതിലേറെയായിരുന്നു നന്തി നാസര്‍ എന്ന പൊതുപ്രവര്‍ത്തകനെ നന്തിക്കയെന്നും നാസര്‍ക്കയെന്നും വിളിച്ചു പരിചയിച്ച സാധാരണക്കാര്‍. വൈകീട്ട് മയ്യിത്ത് നമസ്‌കാരത്തിനും നൂറുകണക്കിനാളുകളെത്തി. എല്ലാം കഴിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കയറ്റിയയ്ക്കാനായി മൃതദേഹവും വഹിച്ച്‌ ആംബുലന്‍സ് നീങ്ങുന്നതുവരെ ജനക്കൂട്ടം അദ്ദേഹത്തിനുള്ള ആദരവായി കൂടി നിന്നു.

യു.എ.ഇ-യിലെ, വിശേഷിച്ച്‌ ദുബായിലെയും ഷാര്‍ജയിലെയും മിക്ക പരിപാടികളിലും നന്തി നാസര്‍ സജീവസാന്നിധ്യമായിരുന്നു. ദുബായ് പോലീസിന്റെ ഒട്ടേറെ സംരംഭങ്ങളിലും അദ്ദേഹം സഹപ്രവര്‍ത്തകനെപ്പോലെ കൂടെ നിന്നു. ഇക്കഴിഞ്ഞ യു.എ.ഇ ദേശീയദിനാഘോഷത്തില്‍ മരത്തില്‍ കൊത്തിയെടുത്ത യു.എ.ഇ-യുടെ ഭൂപടം അദ്ദേഹം സ്വന്തം നിലയ്ക്കാണ് പോലീസ് മേധാവികള്‍ക്ക് സമര്‍പ്പിച്ചത്. ഇതുവരെ തന്നെ പോറ്റിവളര്‍ത്തിയ രാജ്യത്തിനുള്ള സമര്‍പ്പണമായിട്ടാണ് ഈ സമ്മാനം അദ്ദേഹം തയാറാക്കിയത്.

നല്ലൊരു വായനക്കാരനുംകൂടിയായിരുന്നു നന്തി നാസര്‍. സ്വന്തം പ്രദേശത്തെ തന്റെ പേരിനൊപ്പം മാത്രമല്ല അദ്ദേഹം ചേര്‍ത്തത്. താമസിച്ചിരുന്ന വില്ലയ്ക്ക് നല്‍കിയ പേരാകട്ടെ നന്തിഗ്രാമം എന്നായിരുന്നു. ഇവിടെ ഒട്ടേറെ സംഗീതപരിപാടികളും ചര്‍ച്ചകളും അദ്ദേഹം പരിചയക്കാര്‍ക്കുവേണ്ടി ഒരുക്കി. ദുബായിലെ പി.ആര്‍.ഒ-മാരുടെ സംഘടനയുടെയും കോഴിക്കോട്ടുകാരുടെയും കൊയിലാണ്ടിക്കാരുടെയും കൂട്ടായ്മകളുടെയും രക്ഷാധികാരിയായും സാരഥിയായുമെല്ലാം നന്തി നാസര്‍ കഴിഞ്ഞദിവസം വരെയും സജീവമായിരുന്നു.

ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന്റെ ജീവിതത്തെ അലയുന്ന കാറ്റെന്ന് വിശേഷിപ്പിച്ചവരുണ്ട്. അതെ, അലയുന്ന കാറ്റുപോലെയായിരുന്നു ആ മനുഷ്യന്‍.

ആളുകള്‍ക്ക് ആശ്വാസം നല്‍കാനും കൂട്ടായ്മകള്‍ക്ക് ഉണര്‍വേകാനും സദാ അലഞ്ഞ, നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകനായിരുന്നു ആ മനുഷ്യന്‍.

Lets socialize : Share via Whatsapp