'റാശിദിയ ഇന്‍റര്‍ ചെയിഞ്ച്' മേല്‍പാലം വെള്ളിയാഴ്ച മുതല്‍ ഗതാഗതത്തിനായി തുറന്ന് കൊടുക്കും

by Dubai | 03-01-2018 | 458 views

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇനി പെട്ടെന്ന് എത്തിപ്പെടാം. റാശിദിയ ഇന്‍റര്‍ചെയിഞ്ച് മേല്‍പാലം വെള്ളിയാഴ്ച മുതല്‍ ഗതാഗതത്തിനായി തുറന്ന് കൊടുക്കും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയിലാണ് റാശിദിയ ഇന്‍റര്‍ചെയിഞ്ച് മേല്‍പാലം. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതകളില്‍ വാഹനങ്ങളുടെ എണ്ണം കൂടി വരികയാണ്. 2020-ല്‍ 9.2 കോടി യാത്രക്കാരാണ് ദുബായ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്ക് എത്തുക. രാജ്യത്തെത്തുന്നവരെ സ്വീകരിക്കുന്നതിന് മണിക്കൂറില്‍ 5,000 വാഹനങ്ങള്‍ക്ക് കടന്ന് പോകുന്ന വിധത്തിലാണ് പാതകളിലെ നവീകരണ പ്രവര്‍ത്തികള്‍.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് ഗതാഗത സ്തംഭനം മൂലം മുപ്പത് മിനിറ്റുകള്‍ കൊണ്ട് എത്തിപെടാവുന്നിടത്തേക്ക് അഞ്ച് മിനുറ്റുകള്‍ കൊണ്ട് എത്തിപെടാമെന്ന രൂപത്തിലാണ് നവീകരണ പ്രവര്‍ത്തികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ 2016 മധ്യത്തോടെയാണ് ആരംഭിച്ചത്. ഈ വര്‍ഷം മാര്‍ച്ചോടെ അവസാനിക്കുന്നതാണ് നവീകരണ പദ്ധതികള്‍. വിവിധ മേല്‍പാലങ്ങള്‍, പാത വരികളുടെ വിപുലീകരണം എന്നിവയിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ വിമാനത്താവളത്തിലേക്ക് എത്തിപ്പെടുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് നവീകരണ പ്രവര്‍ത്തികള്‍ ആര്‍ ടി എ ആരംഭിച്ചത്. 40.4 കോടി ദിര്‍ഹം ചിലവില്‍ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ദുബായ് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്.

Lets socialize : Share via Whatsapp