യുഎഇ - യില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

by General | 19-12-2019 | 440 views

ഷാര്‍ജ: യുഎഇ-യില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. ഷാര്‍ജയിലെ അല്‍ നാദ് അല്‍ കാസിമിയ പ്രദേശത്തെ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി താഴെ വീണത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടു കൂടി സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫോറന്‍സിക് വിദ​​ഗ്ദരും സിഐഡി ഉദ്യോ​ഗസ്ഥരും ആംബുലന്‍സുമടങ്ങിയ സംഘം‌ രക്തത്തില്‍ കുളിച്ച്‌ നിലത്തു കിടക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഫോറന്‍സിക് സംഘവും പോലീസും സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അല്‍ ഗര്‍ബ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു.

അബു ഷഗരയിലാണ് പെണ്‍കുട്ടി കുടുംബത്തിനൊപ്പം താമസിച്ചിരുന്നത്. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. അല്‍ നാദ് അല്‍ കാസിമിയയിലെ കെട്ടിടത്തില്‍ പെണ്‍കുട്ടി എങ്ങനെയാണ് എത്തിയതെന്ന് പോലീസിന് വ്യക്തമല്ല. അതേസമയം യുഎഇ-യില്‍ ഒരു മാസത്തിനിടെ മൂന്നാമത്തെ പെണ്‍കുട്ടിയെയാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Lets socialize : Share via Whatsapp