വിദേശ രാജ്യങ്ങളിലെ പ്രതിഭകള്‍ക്ക് സൗദി അറേബ്യയില്‍ പൗരത്വം നല്‍കുന്നതിന് സൗദി രാജാവിന്‍റെ അനുമതി

by International | 07-12-2019 | 661 views

റിയാദ്: സൗദി അറേബ്യയില്‍ പൗരത്വം വാഗ്ദാനം ചെയ്ത് ലോക രാജ്യങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അടക്കമുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ആരംഭിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അനുമതി.

വികസനം ശക്തമാക്കുകയും വ്യത്യസ്ത മേഖലകളില്‍ രാജ്യത്തിന് ഗുണകരമായി മാറുകയും ചെയ്യുന്നതിന് വൈദ്യശാസ്‌ത്രം, ശാസ്ത്രം, സാംസ്‌കാരികം, കായികം, വിനോദം, സാങ്കേതിക മേഖലകളിലെ പ്രതിഭകള്‍ അടക്കമുള്ളവര്‍ക്ക് സൗദി പൗരത്വം നല്‍കാനാണ് തീരുമാനം. ലോകത്തെവിടെ നിന്നും സൗദി പൗരത്വം അനുവദിക്കുന്നതിന് യോഗ്യരായവരുടെ പേരുകള്‍ നാമനിര്‍ദേശം ചെയ്യാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

വിഷന്‍-2030 പദ്ധതിക്കനുസൃതമായി ശാസ്ത്രജ്ഞരും ചിന്തകരും പ്രതിഭകളും അടക്കമുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ പൊതുതാല്‍പര്യം ആവശ്യപ്പെടുന്ന കാര്യം കണക്കിലെടുത്താണ് പുതിയ ചുവടുവെപ്പ്.

വ്യത്യസ്ത മേഖലകളില്‍ രാജ്യത്തിന് ഗുണകരമായി മാറുകയും വികസനം ശക്തമാക്കുന്നതിന് സഹായകമാവുകയും ചെയ്യുന്ന നിലയ്ക്ക് ലോകത്തെങ്ങുമുള്ള പ്രതിഭകളെ സൗദിയിലേക്ക് ആകര്‍ഷിച്ചും മാനവശേഷിയില്‍ നിക്ഷേപം നടത്തിയും രാജ്യത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുന്നതിന് വിഷന്‍-2030 പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

ഫോറന്‍സിക് മെഡിസിന്‍, വൈദ്യശാസ്ത്രം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗണിതശാസ്ത്രം, കംപ്യൂട്ടര്‍, സാങ്കേതികവിദ്യ, കൃഷി, ആണവ-പുനരുപയോഗ ഊര്‍ജം, വ്യവസായം, പെട്രോളിയം, ഗ്യാസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആപ്പുകള്‍, ഡാറ്റകള്‍, പ്രോഗ്രാം എന്‍ജിനീയറിംഗ്, റോബോട്ട്, ഉയര്‍ന്ന ശേഷിയുള്ള കംപ്യൂട്ടറുകള്‍, നാനോ ടെക്‌നോളജി, പരിസ്ഥിതി, ഭൂമിശാസ്ത്രം, ശൂന്യാകാശ ശാസ്ത്രം, ഏവിയേഷന്‍ എന്നീ മേഖലകളിലെ ശാസ്ത്രജ്ഞര്‍ക്കും ആഗോള പ്രതിഭകള്‍ക്കും പൗരത്വം അനുവദിക്കാനാണ് തീരുമാനം.

സംസ്‌കാരം, കായിക വിനോദം, കല എന്നിവ അടക്കമുള്ള മേഖലകളിലെ പ്രതിഭകള്‍ക്കും സമുദ്രജല ശുദ്ധീകരണം ഉള്‍പ്പെടെ സൗദി അറേബ്യയ്ക്ക് ആവശ്യമായ മറ്റു മേഖലകളില്‍ വികസനം വേഗത്തിലാക്കുന്ന കാര്യത്തില്‍ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് സഹായിക്കുന്ന മികച്ച പ്രതിഭകള്‍ക്കും പൗരത്വം നല്‍കും. ശാസ്ത്രജ്ഞര്‍ അടക്കമുള്ള മികച്ച പ്രതിഭകളെ പൗരത്വം നല്‍കി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത് രാജ്യത്തിനും പൗരന്മാര്‍ക്കും ഏറെ ഗുണകരമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വിദേശ രാജ്യങ്ങളിലെ പ്രതിഭകള്‍ക്ക് മാത്രമല്ല, സൗദിയില്‍ കഴിയുന്ന കുടിയേറ്റ ഗോത്രങ്ങളിലും, വിദേശികളുമായുള്ള വിവാഹബന്ധങ്ങളില്‍ സൗദി വനിതകള്‍ക്ക് പിറന്ന മക്കളുടെ കൂട്ടത്തിലും, സൗദിയില്‍ ജനിച്ചു വളര്‍ന്നവരുടെ കൂട്ടത്തിലും പെട്ട, മാനദണ്ഡങ്ങള്‍ പൂര്‍ണമായ പ്രതിഭകള്‍ക്കും പൗരത്വം നല്‍കാന്‍ രാജകല്‍പനയില്‍ പ്രതിപാദിക്കുന്നുണ്ട്.

Lets socialize : Share via Whatsapp