
മനാമ: സൗദി തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ 'ബോണ്‍ എ കിങ്'. 35 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2018 മാര്‍ച്ചില്‍ സൗദി അറേബ്യയില്‍ വെള്ളിത്തിരയുടെ വര്‍ണ വെളിച്ചവുമായെത്താനുള്ള നിയോഗം 'ബോണ്‍ എ കിങ്' എന്ന ചലച്ചിത്രത്തിന്. രാജ്യത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന സിനിമാ വിലക്ക് നീക്കുന്നതിന് ഈ മാസമാദ്യം സല്മാന് രാജാവ് ഉത്തരവിട്ടതോടെയാണ് സൗദിയില്‍ സിനിമാപ്രദര്‍ശനത്തിന് വഴിയൊരുങ്ങിയത്.
സൗദി മുന്‍ രാജാവ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കഥ പറയുന്ന ചലച്ചിത്രം ബ്രിട്ടനില്‍ പണിപ്പുരയിലാണ്. ഫെബ്രുവരിയിലാണ് നിര്‍മാണം പൂര്‍ത്തിയാകുക. ലോഡ് കഴ്സണ്, വിന്സ്റ്റന് ചര്‍ച്ചില്‍ തുടങ്ങിയ ബ്രിട്ടീഷ് നേതാക്കളുമായി കൂടിയാലോചന നടത്താന്‍ ഫൈസല്‍ രാജാവിനെ 14ാം വയസ്സില്‍ ഇംഗ്ലണ്ടിലേക്കയച്ചതാണ് സിനിമയുടെ പ്രമേയം.
കൂടാതെ സൗദിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രം രജനികാന്തിന്റെ 2.0 ആയിരിക്കുമെന്നാണ് സൂചന. ഇനി റിലീസ് ദിവസം തന്നെ സ്വന്തം ഭാഷാചിത്രങ്ങള്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ മലയാളികള്‍.