2 ദിവസമായി വെള്ളം മാത്രം കുടിച്ച്‌ കഴിഞ്ഞ അമേയ ആകെ അവശനായിരുന്നു; കാണാതായ മലയാളിയെ രക്ഷിച്ച വിദ്യാര്‍ഥി പറയുന്നു

by Dubai | 26-11-2019 | 401 views

ദുബായ്: ഷാര്‍ജയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ മലയാളി വിദ്യാര്‍ഥി അമേയ സന്തോഷി(15)നെ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ജുമൈറ ലാമിറ ബീച്ചില്‍ നിന്ന് കണ്ടെത്തിയ കാര്യം 12-ാം ക്ലാസ് വിദ്യാര്‍ഥി റോണിത് ലച് വാനി(16) വിശദീകരിക്കുന്നു.

'ജുമൈറ ലാ മിറയിലെ കരിയര്‍ ഗൈഡന്‍സ് കേന്ദ്രത്തില്‍ നിന്ന് മടങ്ങുകയായിരുന്നു ഞാന്‍. സമയം ഏതാണ്ട് ഉച്ചയ്ക്ക് രണ്ടരയോടടുത്തിരിക്കും. പെട്ടെന്ന് അവിടെ ഒരു ബസ് ഷെല്‍ട്ടറിനടുത്തായി അമേയ ഇരിക്കുന്നത് കണ്ടു. ഞാനുടനെ സമൂഹ മാധ്യമങ്ങളില്‍ വന്ന അവന്‍റെ പടം എടുത്തുനോക്കി. അതെ, അമേയ തന്നെ. എങ്കിലും ഒന്നുകൂടി ഉറപ്പിക്കാനായി അമേയാ എന്ന് നീട്ടി വിളിച്ചപ്പോള്‍ അവന്‍ തിരിഞ്ഞു നോക്കി. അതോടെ എനിക്കുറപ്പായി, അത് അമയേ തന്നെ'

'തുടര്‍ന്ന് ഞാന്‍ പതുക്കെ അവന്‍റെയടുത്തെത്തി. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു പറഞ്ഞ് സൗഹൃദം സ്ഥാപിച്ചു. ആദ്യമൊന്നും അവന്‍ ഒട്ടും സംസാരിച്ചില്ല. കാരണം, രണ്ടു ദിവസമായി വെള്ളം മാത്രം കുടിച്ച്‌ കഴിഞ്ഞ അമേയ ആകെ അവശനായിരുന്നു. ചുണ്ടുകള്‍ വരണ്ട് ഉറക്കം തൂങ്ങിയായിരുന്നു അവനിരുന്നത്. ആ കണ്ണുകളില്‍ ഭയം തളംകെട്ടി നിന്നിരുന്നു. ഞാനവനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. പക്ഷേ, നിരസിക്കുകയാണ് ചെയ്തത്. നമുക്ക് ഒന്നിച്ച്‌ എന്തെങ്കിലും കഴിക്കാമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു.

ഭക്ഷണത്തിന് ശേഷം അവന്‍ കുറച്ച്‌ ഉഷാറായി. ഞാനവനോട് പറഞ്ഞു, അമേയയെ കാണാതെ അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധ്യാപകരുമെല്ലാം എത്രമാത്രം വിഷമിക്കുന്നു എന്നറിയാമോ? അവരോടൊന്നും പറയാതെ ഇങ്ങനെ വന്നത് ശരിയാണോ? ഞാനവന് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ കാണിച്ചുകൊടുത്തു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഞാനവനെ ആശ്വസിപ്പിച്ചു. അവന്‍ ചെയ്തുപോയ പ്രവൃത്തിയില്‍ കുറ്റബോധം തോന്നിയിരുന്നു.

എന്നാല്‍, വീട്ടിലേയ്ക്ക് മടങ്ങാന്‍ ഭയവുമുണ്ടായിരുന്നു. ഞാനവനെ കുറേയേറെ ആശ്വസിപ്പിച്ച ശേഷം അവന്‍റെ പിതാവ് സന്തോഷ് രാജനെ വിളിച്ചു. അവര്‍ക്ക് ഞങ്ങളുള്ള സ്ഥലം പറഞ്ഞു കൊടുത്തു. അച്ഛന്‍ എത്രയും പെട്ടെന്ന് എത്താമെന്ന് അറിയിച്ചു. ഞങ്ങള്‍ വീണ്ടും സംസാരം തുടര്‍ന്നു. സ്പോര്‍ട്സിനെക്കുറിച്ചൊക്കെ അരമണിക്കൂറോളം സംസാരിച്ചു. അപ്പോഴേയ്ക്കും അച്ഛനും മറ്റും എത്തി'- വലിയൊരു സത് കര്‍മം ചെയ്ത യാതൊരു ഭാവവുമില്ലാതെ റോണി പറഞ്ഞു.

മകനെ രക്ഷിച്ച റോണിയെ 'രക്ഷകനായ മാലാഖ' എന്നാണ് അമേയയുടെ മാതാപിതാക്കളായ സന്തോഷും ഭാര്യ ബിന്ദുവും വിശേഷിപ്പിച്ചത്.

കുട്ടികളോട്, പ്രത്യേകിച്ച്‌ കൗമാരക്കാരോട് മാതാപിതാക്കള്‍ വളരെ ശ്രദ്ധാപൂര്‍വം പെരുമാറണമെന്നും അവരെ പഠനത്തിന്‍റെ പേരില്‍ പോലും സമ്മര്‍ദത്തിലാക്കരുതെന്നുമാണ് റോണിക്ക് പറയാനുള്ളത്.

'കുട്ടികളില്‍ എന്തെങ്കിലും വിഷമം കണ്ടാല്‍ സ്നേഹത്തോടെ ചോദിച്ചറിഞ്ഞ് അതൊക്കെ നിസാരമാണെന്നും തങ്ങള്‍ കൂടെയുണ്ടെന്നും പറഞ്ഞു മനസിലാക്കണം. അതില്‍ വീഴാത്ത ഒരു കുട്ടിയുമുണ്ടാവില്ല'- റോണിക്ക് മറ്റ് മാതാപിതാക്കളോട് പറയാനുള്ളത് ഇതാണ്.

Lets socialize : Share via Whatsapp