ഇരുപത്തിനാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോളിന് ഇന്ന് പന്തുരുളും; ആദ്യ പോരാട്ടത്തില്‍ ഖത്തറും ഇറാഖും ഏറ്റുമുട്ടും

by Sports | 26-11-2019 | 808 views

ഇരുപത്തിനാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോളിന് ഇന്ന് ദോഹയില്‍ പന്തുരുളും. ഖത്തറിനെതിരായ ഉപരോധം നില‍നില്‍ക്കെത്തന്നെ ഉപരോധ രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇ-യും ബഹ്റൈനും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിച്ചേര്‍ന്നു. ഇതില്‍ സൗദി ടീം റിയാദില്‍ നിന്നും നേരിട്ടുള്ള വിമാനത്തിലാണ് ദോഹയിലെത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിയാദില്‍ നിന്നും ഒരു വിമാനം നേരിട്ട് ദോഹയിലെത്തുന്നത്. ഇതോടെ ടൂര്‍ണമെന്‍റിന് ആവേശമേറുന്നതിനൊപ്പം മേഖലയിലെ അസ്വാരസ്യങ്ങള്‍ക്ക് ടൂര്‍ണമെന്‍റോടെ അയവുവരുമെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു.

ആതിഥേയരായ ഖത്തറും ഇറാഖും തമ്മിലാണ് അറേബ്യന്‍ ഗള്‍ഫ് കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ തന്നെയാണ് ടൂര്‍ണമെന്‍റിലെ ഹോട്ട് ഫേവറിറ്റുകള്‍. ഡിസംബര്‍ എട്ടിനാണ് ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ നടക്കുക. അറേബ്യന്‍ മേഖലയുടെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിന് ഇത്തവണ വീറും വാശിയും ഏറെയാണ്. ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്ന സൗദി അറേബ്യയും യു.എ.ഇ-യും ബഹ്റൈനും അവസാന നിമിഷം ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുമെന്നറിയിച്ചതോടെ കായിക പ്രേമികളെല്ലാം ആവേശത്തിന്‍റെ പാരമ്യത്തിലാണ്. എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് പോരാട്ടത്തിനിറങ്ങുന്നത്.

ഇതില്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറും നിലവിലെ ഏഷ്യന്‍ കപ്പ് സെമി ഫൈനലിസ്റ്റുകളും മേഖലയിലെ ഏറ്റവും ശക്തരായ ടീമുമായ യു.എ.ഇ-യും ഒരേ ഗ്രൂപ്പില്‍ വരുന്നുവെന്നത് കളിയാരാധകര്‍ക്ക് അത്യാവേശം പകരുന്നതാണ്. 2007-ലെ ഏഷ്യന്‍ കപ്പ് ജേതാക്കളായ യമനും ഇറാഖുമാണ് ഗ്രൂപ്പ് എ-യിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബി-യില്‍ സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവരാണ് ഏറ്റുമുട്ടുക. നാളെ വൈകീട്ട് ഏഴ് മണിക്ക് ഖത്തറും ഇറാഖും തമ്മിലാണ് ഉദ്ഘാടന മത്സരം. യു.എ.ഇ-യും യമനും തമ്മിലാണ് നാളത്തെ രണ്ടാം മത്സരം. നിലവിലെ ഗള്‍ഫ് കപ്പ് ചാമ്പ്യന്മാരായ ഒമാനും കരുത്തരായ സൗദി അറേബ്യയും ഒരു ഗ്രൂപ്പിലാണ്.

കുവൈത്തും മികച്ച ടീമുമായാണ് ദോഹയിലേക്കെത്തിയിരിക്കുന്നത്. മുഴുവന്‍ രാജ്യങ്ങളും പങ്കെടുക്കുന്നതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി ഫുട്ബോള്‍ ആരാധകര്‍ ദോഹയിലേക്ക് ഒഴുകുമെന്നാണ് സംഘാകരുടെ കണക്കുകൂട്ടല്‍. ഓണ്‍ലൈനിലും ഖത്തറിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളിലും മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. സൂഖ് വാഖിഫ്, കതാറ, വില്ലാജിയോ മാള്‍, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ വൈകിട്ട് 4 മുതല്‍ 10 വരെ ടിക്കറ്റ് ലഭിക്കും. www.gulfcup2019.qa എന്ന വെബ്‍സൈറ്റിലൂടെയും ടിക്കറ്റ് എടുക്കാവുന്നതാണ്. 10, 30, 50 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

Lets socialize : Share via Whatsapp