അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോളിനൊരുങ്ങി ദോഹ

by Sports | 25-11-2019 | 785 views

ഇരുപത്തിനാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോളിനുള്ള ഒരുക്കങ്ങളെല്ലാം ദോഹയില്‍ പൂര്‍ത്തിയായി. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഒമാന്‍, ഇറാഖ്, യെമന്‍ ടീമുകള്‍ ദോഹയില്‍ എത്തിച്ചേര്‍ന്നു. സൗദി അറേബ്യയും യു.എ.ഇ-യും ഉള്‍പ്പെടെയുള്ള ഉപരോധ രാജ്യങ്ങള്‍ കൂടി പങ്കെടുക്കുമെന്ന് ഉറപ്പായതോടെ ആവേശമേറിയ ഇരുപത്തിനാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോളിനുള്ള ഒരുക്കങ്ങളെല്ലാം ഖത്തറില്‍ പൂര്‍ത്തിയായി.

ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഒമാന്‍, യെമന്‍, ഇറാഖ് ടീമുകള്‍ ദോഹയില്‍ എത്തി പരിശീലനം തുടങ്ങി. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്ന് ടീമുകളെ സ്വീകരിച്ചു. സൗദി യു.എ.ഇ ടീമുകള്‍ വൈകാതെ തന്നെ ദോഹയില്‍ എത്തിച്ചേരും. ഖലീഫ രാജ്യന്തര സ്റ്റേഡിയം, ദുഹൈല്‍ സ്റ്റേഡിയം എന്നിവയാണ് വേദികള്‍. ഉദ്ഘാടന മത്സരവും ഫൈനലും ഉള്‍പ്പെടെ പ്രധാന മത്സരങ്ങളെല്ലാം ഖലീഫ സ്റ്റേഡിയത്തിലാണ്. ചൊവ്വാഴ്ച്ച വൈകീട്ട് 7.30-ന് ആതിഥേയരായ ഖത്തറും ഇറാഖും തമ്മിലാണ് ഉദ്ഘാടന മത്സരം. അന്നേ ദിവസം രാത്രി ഒമ്പതിന് ദുഹൈല്‍ സ്റ്റേഡിയത്തില്‍ യു.എ.ഇ-യും യെമനും തമ്മില്‍ ഏറ്റുമുട്ടും.

അയല്‍ക്കാരും മേഖലയിലെ ഏറ്റവും ശക്തരായ ടീമുകളുമായ ഖത്തറും യു.എ.ഇ-യും ഒരേ ഗ്രൂപ്പിലാണെന്നത് കാണികള്‍ക്ക് ആവേശം പകരുന്നു. യെമനും ഇറാഖുമാണ് ഗ്രൂപ്പ് എ-യിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹറൈന്‍ എന്നിവരാണ് ഏറ്റുമുട്ടുക. ഉപരോധ രാജ്യങ്ങളും കൂടി പങ്കെടുക്കുന്നതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് കാണികള്‍ ഒഴുകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.

ഓണ്‍ലൈനിലും ഖത്തറിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളിലും മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. സൂഖ് വാഖിഫ്, കതാറ, വില്ലാജിയോ മാള്‍, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ വൈകിട്ട് 4 മുതല്‍ 10 വരെ ടിക്കറ്റ് ലഭിക്കും. www.gulfcup2019.qa എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റ് എടുക്കാവുന്നതാണ്. 10, 30, 50 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

Lets socialize : Share via Whatsapp