
ഷാര്‍ജ: വെള്ളിയാഴ്ച മുതല്‍ ഷാര്‍ജയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ കുട്ടിയെ കണ്ടെത്തിയെന്ന മട്ടില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ കണ്ടെത്തിയെന്ന മട്ടില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയറിഞ്ഞ് വിവരം അറിയാന്‍ വിളിക്കുന്നവരുടെ കോളുകള്‍ കാരണം ഫോണ്‍ തുടര്‍ച്ചയായി തിരക്കിലായിപ്പോകുന്നത് ബുദ്ധിമുട്ടിക്കുന്നതായും ബന്ധുക്കള്‍ പരാതിപ്പെട്ടു. കുട്ടിക്ക് പരീക്ഷയുടെ പേരില്‍ സമ്മര്‍ദ്ദം നല്‍കിയിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയെ കണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലെല്ലാം ഷാര്‍ജ പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.
കൂടാതെ, മകനോട് വീട്ടിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്ന വാട്ട്സ്ആപ്പ് വോയ്സ് നോട്ട് റെക്കോര്‍ഡിംഗുകള്‍ കൈമാറി തെരച്ചില്‍ വ്യാപിപ്പിച്ച് ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍. 15 കാരനായ അമേയ സന്തോഷിനെ കാണാതായിട്ട് ഞായറാഴ്ച രാവിലെ 48 മണിക്കൂര്‍ പിന്നിട്ട സാഹചര്യത്തിലാണ് മാതാപിതാക്കള്‍ തങ്ങളുടെ മകനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭഗമായി വാട്ട്സ്ആപ്പ് കാമ്പയിന് ആരംഭിച്ചത്.
അബു ഷഗാറയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി സന്തോഷ് രാജന്-ബിന്ദു സന്തോഷ് ദമ്പതികളുടെ മകന് അമേയ സന്തോഷി (15) നെയാണ് കാണാതായത്. ഷാര്‍ജ ഡി.പി.എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമേയ. കുട്ടിയെ കാണാതായ സംഭവത്തിന് പിന്നില്‍ പരീക്ഷപ്പേടിയാണെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.
'വാട്സ്ആപ്പില്‍ റെക്കോര്‍ഡുചെയ്ത സന്ദേശങ്ങള്‍ ഞാന്‍ അയച്ചിട്ടുണ്ട്. അവന് അത് കേട്ട് വീട്ടിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ്. എനിക്ക് മറ്റൊന്നും ആവശ്യമില്ല, അദ്ദേഹത്തെ കണ്ടെത്തുന്നതില്‍ എല്ലാവരുടെയും ഏകോപനം മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ'- ദുഖിതയായ മാതാവ് ബിന്ദു പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മകനെ ട്യൂഷന് സെന്ററിനടുത്ത് ഇറക്കിവിട്ടതാണ്. എന്നാല്‍, കുട്ടി സെന്ററിലേക്ക് പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ ഇല്ല. കുട്ടി ക്ലാസില്‍ എത്തിയിട്ടില്ലെന്ന് അധ്യാപകരും പറഞ്ഞു. കുട്ടിക്കായി വ്യാപക തിരച്ചില്‍ നടത്തുകയാണെന്ന് സന്തോഷ് രാജന് പറഞ്ഞു. കുട്ടിയുടെ കൈയ്യില്‍ മൊബൈല്‍ ഉണ്ടെങ്കിലും അത് ഓഫാണ്. ഇതുവരെ മാതാപിതാക്കളെയോ കൂട്ടുകാരെയോ അധ്യാപകരെയോ ബന്ധപ്പെട്ടിട്ടില്ല. കൈയ്യില്‍ കറുത്ത ചരടുണ്ട്. മാതാപിതാക്കളായ ബിന്ദുവും സന്തോഷ് രാജനും കേരളത്തില്‍ നിന്നുള്ളവരാണെങ്കിലും മഹാരാഷ്ട്രയിലെ പൂനെയിലാണ് സ്ഥിരതാമസം.
അമേയ പൊതുവെ അധിമാരോടും സംസാരിക്കുന്ന പ്രകൃതമല്ലെന്ന് സുഹൃത്ത് പറയുന്നു. അപരിചിതരില്‍ നിന്നും സഹായം ചോദിക്കാറുമില്ല. തലേദിവസം മൊബൈല്‍ റീചാര്‍ജ് ചെയ്യുകയോ ബാറ്ററി ചാര്‍ജ് ചെയ്യുകയോ ചെയ്തിട്ടില്ല. അതേസമയം സൂചനകള്‍ വച്ച് അമേയയെ കണ്ടതായി പറയുന്നയിടങ്ങളില്‍ തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. അമേയയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.