.jpg)
ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി ആരംഭിച്ച പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന സേവനം യു.എ.ഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കൂടി ലഭ്യമാവും. ഇരുരാജ്യങ്ങളിലും നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റുമാരെ നിയോഗിച്ചു. താമസിയാതെ മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും സെല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് എംബസികളുടെ സഹായത്തോടെയാണ് നിയമ സഹായം ലഭ്യമാക്കുകയെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.
ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പദ്ധതി മുഖേന നിയമപരിഹാരം ലഭിക്കും. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം, നഷ്ടപരിഹാര, ദയാഹരജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജമ നടത്താന്‍ വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമ വ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് മറ്റു കാര്യങ്ങള്‍. പാസ്പോര്‍ട്ട്, വിസ, മറ്റ് സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം നിയമസഹായ പദ്ധതിയുടെ പരിധിയില്‍ വരും. ശിക്ഷ, ജയില്‍വാസം എന്നിവയുമായി ബന്ധപ്പെട്ട ആശുപത്രി ചികിത്സയും പദ്ധതിയിലുള്പ്പെട്ടിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ. ഹരികൃഷ്ണന് നമ്പൂതിരി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷാഫോറം നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org യില്‍ ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നോര്‍ക്ക റൂട്ട്സിന് പോസ്റ്റല്‍/ ഇ-മെയില്‍ മുഖേനയും അയക്കാം. അറബി ഭാഷകളിലുള്ള രേഖകളുടെ തര്‍ജമകളും സമര്‍പ്പിക്കണം.
അപേക്ഷകള്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, നോര്‍ക്ക റൂട്ട്സ്, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം-14, കേരള, ഇന്ത്യ എന്ന വിലാസത്തിലേക്കോ legalaid@norkaroots.net എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അയക്കാം. നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്പര്‍ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) 00918802012345 (വിദേശത്തു നിന്ന്) മുഖേന മിസ്ഡ് കാള്‍ സേവനവും ലഭിക്കും.