ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ പദവിയില്‍ ഇനി കോഴിക്കോട്ടുകാരിയും

by International | 17-11-2019 | 297 views

ദമാം: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പുതിയ കമേഴ്‌സ്യല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രസ് കോണ്‍സലായി കോഴിക്കോട്ടുകാരി ഹംന മറിയം ചുമതയേല്‍ക്കും. കാലാവധി പൂര്‍ത്തിയാക്കി ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന കോണ്‍സല്‍ മോയിന്‍ അഖ്തറിന് പകരമാണ് ഹംനാ മറിയം എത്തുന്നത്. 2017 കേഡറിലെ ഐ.എഫ്.എസുകാരിയായ ഹംനമറിയം ഒരു വര്‍ഷമായി പാരീസില്‍ ഇന്ത്യന്‍ എംബസിയില്‍ ട്രേഡ് സെക്രട്ടറിയായിരുന്നു.

പ്ലസ്ടു വരെ കോഴിക്കോട് പ്രസന്‍റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും തുടര്‍ന്ന് ഡല്‍ഹിയിലെ രാംജാസ് കോളേജില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. ഫാറൂഖ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായിരിക്കെ രണ്ടു വര്‍ഷം മുന്‍പാണ് വിദേശകാര്യ സര്‍വീസില്‍ പ്രവേശിച്ചത്. ഇന്ത്യയും സൗദി അറേബ്യയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപരമായ സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് കോണ്‍സുലേറ്റ് ടീമില്‍ ആദ്യമായി വനിതാ ഐ.എഫ്.എസ് ഉദ്യോഗസ്ഥ കോണ്‍സുല്‍ ചുമതലയേല്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സൗദി ഗസറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ക്ക് പറഞ്ഞു. ഹംന മറിയം ഉടന്‍ തന്നെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലില്‍ ചാര്‍ജെടുക്കുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ടി.പി. അഷ്‌റഫിന്‍റെയും, ഫിസിയോളജിസ്റ്റ് ഡോ. പി.വി. ജൗഹറയുടേയും മകളാണ്. ഭര്‍ത്താവ് ഹൈദരാബാദ് സ്വദേശിയും തെലങ്കാന കാഡറിലെ ഐ.എ.എസുകാരനുമായ മുസമ്മില്‍ ഖാന്‍.

Lets socialize : Share via Whatsapp