
ദുബൈ: ധന വിനിമയ രംഗത്തെ മുന്‍നിര സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ പുരസ്കാരം. ലണ്ടന്‍ കെന്‍സിങ്ടണ്‍ പാലസില്‍ നടന്ന വേള്‍ഡ് ബ്രാന്‍ഡിങ് അവാര്‍ഡില്‍ ഫിനാന്‍ഷ്യല്‍ വിഭാഗത്തിലാണ് ലുലു എക്സ്ചേഞ്ച് അംഗീകാരം നേടിയത്.
'വിശ്വാസ്യത, പ്രവര്‍ത്തനത്തിലെ ഉല്‍കൃഷ്ടത, ഉപഭോക്താക്കളുമായുള്ള ഹൃദ്യമായ ബന്ധം എന്നിവയിലൂന്നി നേടിയെടുത്ത മുന്നേറ്റം കൂടുതല്‍ ശക്തമാക്കാനും പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലമാക്കാനും വേള്‍ഡ് ബ്രാന്‍ഡിങ് പുരസ്കാരം പ്രചോദനമാകും'- അവാര്‍ഡ് സ്വീകരിച്ച ശേഷം ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദ് പ്രതികരിച്ചു.
ലോകമൊട്ടുക്കായി 180 ശാഖകളുള്ള ലുലു എക്സ്ചേഞ്ച് പണം കൈമാറ്റം, വിദേശ നാണ്യവിനിമയം, ശമ്പള വിതരണം എന്നീ മേഖലകളില്‍ മികവുറ്റ സേവനമാണ് നല്കി വരുന്നത്. അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് യു.എ.ഇ-ക്ക് പുറമെ ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, സീഷെല്‍സ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ ഓഫിസുകളും ശാഖകളുമുണ്ട്.