ഒമാന്‍ മലയാളി ആള്‍ റൗണ്ടര്‍

by Sports | 13-11-2019 | 477 views

തലശേരി: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ന് മുതല്‍ 29 വരെ ഒമാനില്‍ വെച്ച് നടത്തുന്ന 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ അന്താരാഷ്ട്ര ടൂര്‍ണമെന്‍റില്‍ മലയാളിയായ മുഹമ്മദ് നിഹാല്‍ സിറാജ് ഒമാന്‍ ദേശീയ ടീമില്‍ അരങ്ങേറും. 8 രാജ്യങ്ങള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഗ്രൂപ്പ് എ-യില്‍ യു.എ.ഇ, സൗദി അറേബ്യ, ഇറാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ഗ്രൂപ്പ് ബി-യില്‍ ഒമാന്‍, ഖത്തര്‍, മാലി ദ്വീപ്, കുവൈത്ത് എന്നീ രാജ്യങ്ങളും മല്‍സരിക്കും. ഇന്ത്യന്‍ വംശജനായ അമന്‍ പ്രീത് സിങ്ങ് സിരയാണ് ഒമാന്‍ ടീമിന്‍റെ ക്യാപ്റ്റന്‍. ഒക്ടോബര്‍ 22 ന് കുവൈത്തുമായാണ് ഒമാന്‍റെ ആദ്യ മല്‍സരം.

അല്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലിന്‍റെ ഇഷ്ടകളികള്‍ ക്രിക്കറ്റും നീന്തലുമാണ്. ഇടം കൈയ്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനും വലം കൈയ്യന്‍ ലെഗ് സ്പിന്നറുമായ നിഹാല്‍ ഒമാന്‍ ക്രിക്കറ്റ് ലീഗില്‍ ബോഷര്‍ ക്രിക്കറ്റ് ക്ലബ് മസ്‌ക്കറ്റിനാണ് കളിക്കുന്നത്. നീന്തലിലും മികച്ച താരമാണ് നിഹാല്‍. 2017-ല്‍ ഹരിയാനയിലും 2018-ല്‍ റാഞ്ചിയിലും 2019-ല്‍ ഭോപ്പാലിലും വെച്ച് നടന്ന സിബിഎസ്ഇ സ്‌കൂളുകളുടെ ടൂര്‍ണമെന്‍റില്‍ ഒമാന്‍ സ്‌കൂളുകളെ പ്രതിനിധീകരിച്ച് നിഹാല്‍ പങ്കെടുത്തു.
തലശ്ശേരിയിലെ പ്രമുഖ കായിക കുടുംബമായ അച്ചാരത്ത് തറവാടിലെ അംഗവും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമായ എ.സി.എം.അബ്ദുള്ളയുടെ പേര മകനാണ് മുഹമ്മദ് നിഹാല്‍ സിറാജ്.

ഒമാനില്‍ അല്‍ റിഹവാന്‍ കോണ്‍ട്രാക്ടിങ്ങ് കമ്പനിയുടെ ജനറല്‍ മാനേജരായ ഷിറാജ്.എന്‍.അബ്ദുള്ളയുടേയും യാസ്മിന്‍ ഷിറാജിന്റേയും മകനായ മുഹമ്മദ് നിഹാല്‍ സിറാജ് ജനിച്ചതും വളര്‍ന്നതും ഒമാനിലാണ്. സാദിയ ഷിറാജ്, നാദിയ ഷിറാജ് എന്നിവര്‍ സഹോദരിമാരാണ്.

Lets socialize : Share via Whatsapp